ശബരിമല ഒരുങ്ങി, മകരവിളക്ക് കാണാൻ ആയിരങ്ങൾ; കനത്ത സുരക്ഷയിൽ സന്നിധാനം!

തിങ്കള്‍, 14 ജനുവരി 2019 (12:49 IST)
ഇന്ന് വൈകിട്ട് ആറരയോടെ പൊന്നമ്പലമേടിന്റെ ആകാശത്ത് മകരവിളക്ക് തെളിയും. ദർശന സുകൃതം കൊതിക്കുന്ന മകരവിളക്കിനായുള്ള കാത്തിരിപ്പിൽ ശബരിമലയിൽ എല്ലായിടത്തും ഇപ്പോഴേ ഭക്തർ നിറഞ്ഞു കഴിഞ്ഞു. അതേസമയം  ശക്തമായ സുരക്ഷയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
 
എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ താരതമ്യേന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവാണുള്ളത്. സുപ്രീംകോടതി വിധി പ്രകാരം ശബരിമല യുവതീപ്രവേശം അനുവദിച്ചതോടെ പല പ്രശ്‌നങ്ങളും രൂപപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണം ഇത്തവണ കുറവെന്ന് പൊതുവേ ഉള്ള വിലയിരുത്തൽ.
 
പൊതുവേ മലയാളികൾ കുറവാണെങ്കിലും തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇതിനോടകം തന്നെ പ്രദേശങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
 
മകര വിളക്ക് കാണാനെത്തുന്നവരുടെ സുരക്ഷക്കായി അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം, ഇടുക്കിയിൽ  മകരവിളക്ക് കാണാൻ കഴിയുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ  ഒരുക്കങ്ങൾ പൂർത്തിയായി.
 
പീരുമേട്, കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ ആശുപത്രികളിൽ ആരോഗ്യവകുപ്പ് മതിയായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 20 ആംബുലൻസ്, 31 ഡോക്ടർമാർ, 56 പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവരുടെ സേവനമുണ്ടാകും. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും പ്രദേശങ്ങളിൽ ആവശ്യമായ കുടിവെള്ളം എത്തിക്കും.  
 
തീർത്ഥാടകർക്ക്  മകര ജ്യോതി കണ്ടു  മടങ്ങാനായി കോഴിക്കാനത്തു നിന്ന്  കുമളിയിലേക്ക് 60 ബസ്സുകൾ ഉപയോഗിക്കും. പാണ്ടിത്താവളം മേഖലയിലാണ് ജ്യോതി ദർശനത്തിനായി അയ്യപ്പന്മാരുടെ പർണശാലകൾ ഉയർന്നത്.
 
കൂടാതെ, തിങ്കളാഴ്ച രാത്രി 7.52-ന് സംക്രമപൂജയും അഭിഷേകവും നടക്കും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകളും നടന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍