ഇന്ദു മൽഹോത്ര അവധിയില്‍; ശബരിമല പുന:പരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.
ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര അവധിയിലായതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. യുവതീപ്രവേശ വിധിയോടു വിയോജിച്ച ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മൽഹോത്ര.
പുന:പരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി ആണ് വ്യക്തമാക്കിയത്. അതേസമയം, കേസ് പരിഗണിക്കുന്ന പുതിയ തിയതി ഏതാണെന്ന് കോടതി അറിയിച്ചില്ല.
ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസ് ഇക്കാര്യം അറിയിച്ചത്.