8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് ആര്യാടന്‍ മുഹമ്മദ്

Webdunia
ചൊവ്വ, 27 മെയ് 2014 (20:53 IST)
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി  676 ദിവസങ്ങള്‍ക്കുള്ളില്‍ 8.7 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയനുസരിച്ച് 200 കോടി രൂപ ചെലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ സമ്പൂര്‍ണ വൈദ്യുതീകരണം ഈ സെപ്തംബറില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 43 നഗരങ്ങളില്‍ 1375 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. ഇതില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പുനലൂര്‍, പരവൂര്‍, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ ടൗണുകളിലെ പ്രവൃത്തികള്‍ ആഗസ്റ്റിനുള്ളില്‍ പൂര്‍ത്തീകരിക്കും. 
 
ബിപിസിഎല്‍ന്റെ കൊച്ചി റിഫൈനറിയുടെ വികസനത്തോടനുബന്ധിച്ച് പെറ്റ്‌കോക്ക് ഇന്ധനമാക്കി 500 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ പ്ലാന്റ് കൊച്ചിയില്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. 128 മെഗാവാട്ട് സ്ഥാപിതശേഷയുള്ള ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ് എല്‍എന്‍ജി ഇന്ധനത്തെ അധിഷ്ഠിതമാക്കി കമ്മീഷന്‍ ചെയ്യും. രണ്ട് 220 കെ.പി സബ്‌സ്റ്റേഷനുകളും പതിനാറ് 110 കെ.പി സബ്‌സ്റ്റേഷനുകളും നാല് 66 കെവി സബ്‌സ്റ്റേഷനുകളും പതിനേഴ് 33 കെവി സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടെ 39 സബ്‌സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യും. 74 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പി.വി പവര്‍പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്യും. 
 
കൊച്ചി മെട്രോയുടെ പണികള്‍ 2015 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വണ്ടികളുടെ പരീക്ഷണ ഓട്ടം നടത്തും. കൊല്ലം പടിഞ്ഞാറേ കല്ലടയില്‍ 300 ഏക്കറില്‍ 50 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും വീടുകളില്‍ 3600 ഗ്രിഡ് കണക്ടട് സോളാര്‍ പ്ലാന്റുകളും സ്ഥാപിക്കും. 
 
110.5 മെഗാവാട്ട് ശേഷിയുള്ള 25 ചെറുകിട ജലവൈദ്യുത പദ്ധതികളും 31 മൊഗാവാട്ട് ശേഷിയുള്ള ഏഴ് ചെറുകിട ജലവൈദ്യുത പദ്ധതികളും നടപ്പാക്കും. ചീമേനിയില്‍ കല്‍ക്കരിയോ എല്‍എന്‍ജിയോ അടിസ്ഥാനമാക്കിയുള്ള പവര്‍ പ്ലാന്റ് സ്ഥാപിക്കും.