തടവുചാടിയ ജയില്‍പുള്ളി 22 വര്‍ഷത്തിനു ശേഷം പിടിയില്‍

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2016 (18:16 IST)
ഭാര്യയെ കൊല ചെയ്തതുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് തടവുചാടിയ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതി 22 വര്‍ഷത്തിനു ശേഷം പൊലീസ് വലയിലായി. പാലക്കാട് പറളി സ്വദേശി ബഷീറാണു പിടിയിലായത്.
 
കണ്ണൂര്‍ സെന്‍ട്രയില്‍ ജയിലില്‍ നിന്ന് 1994 ലാണു ഇയാള്‍ തടവുചാടി രക്ഷപ്പെട്ടത്. ഡി.ജി.പി ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരുവനന്തപുരം കല്ലറ പള്ളിമുക്കില്‍ നിന്ന് പിടികൂടിയത്.
 
1989 ല്‍ മലപ്പുറം പരപ്പനങ്ങാടിയില്‍ ഭാര്യ ഗൌരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണു ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. തടവുശിക്ഷയ്ക്കിടെ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നപ്പോഴായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. 
 
പിന്നീട് ഇയാള്‍ ഷബീര്‍ അലി എന്ന പേരുമാറ്റി മറ്റൊരു വിവാഹം കഴിക്കുകയും ഇതില്‍14 വയസുള്ള ഒരു മകളുമുണ്ട്. കല്ലറ പള്ളിമുക്കില്‍ ഇയാള്‍ ഒരു അറക്കമില്ലും നടത്തുന്നുണ്ട്. 24 വര്‍ഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പി സതീഷ് തിരുവനന്തപുരത്തെത്തി ഇയാളെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
 
ഫോര്‍ട്ട് സി.ഐ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.