Akshatham: എന്താണ് പ്രധാനമന്ത്രി ഗുരുവായൂരിൽ ഭക്തർക്ക് സമർപ്പിച്ച അക്ഷതം? അയോധ്യ രാമപ്രതിഷ്ടയെ തുടർന്ന് കേൾക്കുന്ന അക്ഷതം എന്താണെന്നറിയാം

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (15:01 IST)
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ടയോട് അനുബന്ധിച്ചാണ് അക്ഷതം എന്ന വാക്ക് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. പ്രമുഖരായ പലരും അക്ഷതം സ്വീകരിച്ചതായുള്ള വാര്‍ത്തകളും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ എന്താണ് അക്ഷതം എന്നതിനെ പറ്റി അറിയാം.
 
ക്ഷതമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണ് അക്ഷതം എന്ന വാക്കിന് അര്‍ഥം. ദേവതാപൂജകള്‍ക്ക് ഇവ അത്യാവശ്യമാണ്. പൊടിയാത്ത ഉണക്കല്ലരി അല്ലെങ്കില്‍ അരിയാണ് അക്ഷതം. ചിലയിടങ്ങളില്‍ അരിയും മഞ്ഞളും കലര്‍ത്തി ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ അക്ഷതമെന്നത് രണ്ടുഭാഗം നെല്ലും ഒരു ഭാഗം അരിയുമാണ്.രണ്ടുഭാഗം നെല്ലിനെ സ്വര്‍ണമെന്നും അരിയെ വെള്ളിയെന്നും സങ്കല്‍പ്പിക്കാം. പല പൂജകളിലും പുഷ്പത്തിന് പകരമായും അക്ഷതം ഉപയോഗിക്കുന്നു.
 
വിവാഹങ്ങളില്‍ വധൂവരന്മാരുടെ ശിരസ്സില്‍ അക്ഷതം തൂവി അനുഗ്രഹിക്കാറുണ്ട്. അക്ഷതം കയ്യിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്ത ശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. മഞ്ഞള്‍പ്പൊടി പാകത്തില്‍ ചേര്‍ത്ത അക്ഷതം മന്ത്രോച്ചാരണത്തോടെ ദേവതകള്‍ക്ക് സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യാറുണ്ട്. ദേശാന്തരമനുസരിച്ച് അക്ഷതത്തില്‍ മാറ്റം വരാം. ഏത് ധാന്യം ഉപയോഗിച്ചാലും അത് പൊട്ടുകയോ പൊടിയുകയോ ചെയ്യരുത് എന്നതിലാണ് കാര്യം. കേരളത്തില്‍ ഉണക്കല്ലരിയും നെല്ലും ഉപയോഗിക്കുമ്പോള്‍ ചിലയിടങ്ങളില്‍ കടുകും എള്ളും ചേര്‍ന്ന അക്ഷതവും ഉപയോഗിക്കാറുണ്ട്. മഞ്ഞള്‍ പൊടിക്ക് പകരം കുങ്കുമവും ഉപയോഗിക്കാം
 
നിലവിളക്ക് തെളിയിക്കുന്നിടത്ത് ഒരു പാത്രത്തില്‍ ഇട്ടാണ് അക്ഷതം സൂക്ഷിക്കേണ്ടത്. ദിവസവും വിളക്ക് കൊളുത്തുന്നതിന് മുന്‍പായി ഇത് ഇളക്കുന്നത് നല്ലതാണ്. ഇതിന് മുന്നില്‍ ഇരുന്ന് ദിവസവും രാമമന്ത്രം ചൊല്ലുന്നത് നല്ലതാണ്. അക്ഷതം കേടാകുന്നത് വരെ വീട്ടില്‍ സൂക്ഷിക്കാവുന്നതാണ്. നല്ല ശുദ്ധമായ വെള്ളത്തില്‍/ പുഴയിലാണ് ഇത് ഒഴുക്കികളയേണ്ടത്. അക്ഷതം വീട്ട്ല്‍ സൂക്ഷിക്കുന്നത് രാമചൈതന്യം നിറയ്ക്കുമെന്നാണ് കരുതുന്നത്. വീട്ടില്‍ വെച്ചാല്‍ മാത്രം പോര അക്ഷതത്തിന് മുന്നിലിരുന്ന് രാമമന്ത്രം ചൊല്ലുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article