കാര്‍ഷിക വിളകളാല്‍ സമൃദ്ധമായിരുന്ന ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളില്‍ 310 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി പ്രാഥമിക വിവരം. ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്‍ഡുകളിലെ 750 ലധികം കുടുംബങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് മേപ്പാടി പഞ്ചായത്തിന്റെ കണക്ക്. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകള്‍ എന്നിവയാല്‍ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങള്‍.
50 ഹെക്ടര്‍ സ്ഥലത്തെ ഏലം, 100 ഹെക്ടറില്‍ കാപ്പി, 70 ഹെക്ടറില്‍ കുരുമുളക്, 55 ഹെക്ടര്‍ തേയില, 10 ഹെക്ടര്‍ നാളികേരം, 15 ഹെക്ടര്‍ കമുക് കൃഷി, 10 ഹെക്ടര്‍ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കുകള്‍.
കാര്‍ഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്‌പ്രേയര്‍, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങള്‍, 200 പമ്പ് സെറ്റുകള്‍ എന്നിവയുടെ നഷ്ടവും വലുതാണ്. വീട്ട് വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നു. കര്‍ഷകര്‍ക്കായി വിതരണം ചെയ്ത കാര്‍ഷിക വായ്പകള്‍ വിലയിരുത്തി വരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ് അറിയിച്ചു.
കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് കൃഷി നാശത്തിന്റെയും ആസ്തി നശിച്ചതിന്റെയും നഷ്ടം കണക്കാക്കി സര്‍ക്കാര്‍ സഹായം നല്‍കും.