രക്തവും ശരീരഭാഗങ്ങളും മണത്തു കണ്ടെത്താന്‍ പ്രത്യേക കഴിവ്; കഡാവര്‍ നായ്ക്കളെ കുറിച്ച് അറിയാം

രേണുക വേണു

ചൊവ്വ, 6 ഓഗസ്റ്റ് 2024 (16:12 IST)
കേരള പൊലീസിലെ കഡാവര്‍ നായ്ക്കളായ മായ, മര്‍ഫി

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട് മുണ്ടക്കൈയിലും കര്‍ണാടകയിലെ ഷിരൂരിലും കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചില്‍ ഏറെ ഗുണം ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തകരെ ശരിയായ വഴിയില്‍ കൊണ്ടുപോകാന്‍ കഡാവര്‍ നായ്ക്കള്‍ക്ക് സാധിക്കും. ശരീരഭാഗങ്ങളും രക്തവും മണത്ത് മനസിലാക്കാന്‍ കഴിവുള്ള ഇനങ്ങളാണ് പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ നായ്ക്കള്‍. 
 
ശരീരഭാഗങ്ങള്‍ മാത്രമായി മണത്ത് കണ്ടെത്താനുള്ള പരിശീലനവും രക്തം മാത്രമായി മണത്തു കണ്ടെത്താനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കും. കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡില്‍ മനുഷ്യ ശരീരം, രക്തം എന്നിവ മണത്തു കണ്ടെത്താനുള്ള രണ്ട് തരം പരിശീലനങ്ങളാണ് നല്‍കുന്നത്. പഴകുംതോറും വിവിധ തരത്തിലുള്ള രാസപദാര്‍ഥങ്ങളാണ് ശരീരഭാഗങ്ങള്‍ പുറപ്പെടുവിക്കുക. ഇത് മണത്ത് മനസ്സിലാക്കാനാണ് നായകള്‍ക്ക് പരിശീലനം നല്‍കുക. 
 
ഏകദേശം ഒന്‍പത് മാസത്തെ പരിശീലനമാണ് ഇവയ്ക്കു ആവശ്യം. മൂന്ന് മാസം പ്രായമായ നായ്ക്കള്‍ക്കാണ് പരിശീലനം കൊടുത്ത് തുടങ്ങുക. ഒരു വയസ് പ്രായമാകുന്നതോടെ പരിശീലനം പൂര്‍ത്തിയായി ഡ്യൂട്ടിക്ക് നിയോഗിക്കും. ബെല്‍ജിയന്‍ മലേന്വ (Belgian Malinois) എന്ന ബ്രീഡില്‍ ഉള്‍പ്പെട്ട നായ്ക്കള്‍ക്കാണ് കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡില്‍ കഡാവര്‍ പരിശീലനം നല്‍കുന്നത്. മറ്റു ബ്രീഡുകളില്‍ ഉള്‍പ്പെട്ട നായ്ക്കള്‍ക്കും ഈ പരിശീലനം നല്‍കാവുന്നതാണ്. മനുഷ്യ ശരീരത്തിന്റെയോ രക്തത്തിന്റെയോ ഗന്ധം തിരിച്ചറിഞ്ഞാല്‍ അതിന്റെ അടുത്ത് നിന്ന് കഡാവര്‍ നായ്ക്കള്‍ ശക്തമായി കുരയ്ക്കുകയും ചുറ്റിലും മണം പിടിക്കുകയും ചെയ്യും. ആ സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് തെരച്ചില്‍ നടത്താന്‍ സാധിക്കും.
 
കേരള പൊലീസില്‍ മൂന്ന് കഡാവര്‍ നായകളാണ് ഉള്ളത്. ബെല്‍ജിയന്‍ മലേന്വ വിഭാഗത്തില്‍പ്പെട്ട എയ്ഞ്ചല്‍(ഇടുക്കി), മായ, മര്‍ഫി(എറണാകുളം) എന്നിവ.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍