മുഹമ്മദ് അലി പരാമർശത്തിൽ അബന്ധം പിണഞ്ഞ കായികമന്ത്രി പി ജയരാജനെതിരെ വിമർശനവുമായി വി ടി ബൽറാം വീണ്ടും രംഗത്ത്. മുഹമ്മദ് അലി ആരാണെന്ന് ജയരാജന് അറിയില്ല. അഞ്ജു ബോബി ജോർജ്ജിന്റെ കുടുംബത്തേക്കുറിച്ച് ജയരാജഭക്തന്മാരായ ഫേസ്ബുക്കിലെ അന്തം കമ്മികൾക്കുമറിയില്ല എന്നാണ് ബൽറാം പറയുന്നത്.
ജയരാജനെ വിമർശിച്ചും കെ സുധാകരനെ അനുകൂലിച്ചുമാണ് ബൽറാം സേഫ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജു ബോബി ജോർജ്, ജിമ്മി ജോർജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ച് അബന്ധത്തിലായ സുധാകരൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുഹമ്മദ് അലി ആരാണെന്ന് ജയരാജന് അറിയില്ല. അഞ്ജു ബോബി ജോർജ്ജിന്റെ കുടുംബത്തേക്കുറിച്ച് ജയരാജഭക്തന്മാരായ ഫേസ്ബുക്കിലെ അന്തം കമ്മികൾക്കുമറിയില്ല. ഇതിനൊക്കെ ഞാനെന്ത് വേണമെടേയ്?
ട്രോൾ പോസ്റ്റ് ഇടാനൊക്കെ എനിക്ക് ഇഷ്ടം തന്നെയാണ്. പക്ഷേ നിങ്ങളേപ്പോലെ എല്ലാവരും പ്ലിംഗണമെന്ന് എന്താ ഇത്ര നിർബന്ധം !!
തന്റെ പേരിൽ നടക്കുന്ന ട്രോൾ മഴയെക്കുറിച്ച് കെ സുധാകരൻ നൽകുന്ന സാമാന്യം ഭേദപ്പെട്ട വിശദീകരണം ഇതോടൊപ്പം നൽകുന്നു. ആ കുടുംബത്തെയും അതിലെ ഓരോ അംഗത്തെയും നല്ലവണ്ണം നേരിട്ടറിയാവുന്ന സുധാകരൻ തന്റെ സ്വതസിദ്ധമായ സ്പീഡിലുള്ള സംസാരത്തിനിടെ കേൾക്കുന്നവർക്ക് വന്ന ഈ കൺഫ്യൂഷൻ പരമാവധി നാക്കുപിഴയെന്ന് വേണമെങ്കിൽ വാദിക്കാം, അതിനപ്പുറമൊന്നുമില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ ട്രോളുകളിൽത്തന്നെ പലരും കെ സുധാകരൻ എന്നതിന് പകരം ജി സുധാകരൻ എന്ന് ഉപയോഗിച്ചുകണ്ടു. അതുപോലെ ഉള്ള നിസ്സാരമായ ഒരു തെറ്റായേ പരമാവധി ഇതിനെ വ്യാഖ്യാനിക്കാൻ കഴിയൂ. ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നിവരെയൊക്കെ പരസ്പരം മാറാതെ പറയാൻ അവരുടെ പാർട്ടിയിൽപ്പെട്ട എത്ര സഹപ്രവർത്തകർക്ക് തന്നെ കഴിയുമെന്ന് സംശയമുണ്ട്.
ഒരുകാര്യം ചോദിക്കട്ടെ, ഈ ട്രോൾ ചെയ്ത ഏതെങ്കിലും ഒരാൾക്ക് നേരത്തെ അറിയാമായിരുന്നോ അഞ്ജുവിന്റെ ഭർത്തൃസഹോദരനാണ് ജിമ്മി ജോർജ്ജെന്ന്? ആരെങ്കിലും അത് നേരത്തെ പോയിന്റ് ഔട്ട് ചെയ്തിരുന്നോ? എന്നാൽ മുഹമ്മദ് അലിയുടെ കാര്യം അങ്ങനെയായിരുന്നോ? അദ്ദേഹത്തെ അറിയാത്തയാളായി നമ്മുടെ ബഹു. കായിക മന്ത്രിയല്ലാത്ത വേറേ ഏതെങ്കിലും ഒരു മലയാളിയെ കാണിച്ചുതരാമോ?
അതുകൊണ്ട് കെ സുധാകരന്റെ പേരുപറഞ്ഞ് ജയരാജന്റെ ഭീമാബദ്ധത്തിൽ നിന്ന് കരകയറാൻ പറ്റുമോ എന്ന് നോക്കണ്ട. ജൂനിയർ മാൻഡ്രേക്ക് പ്രതിമ ഇപ്പോഴും ജയരാജന്റെ കയ്യിൽ ഭദ്രമാണ്. അതവിടെത്തന്നെ കിടക്കും കുറച്ചുകാലം കൂടി.