ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പൊലീസിന്റെ മനോവീര്യം നിലനിർത്തേണ്ടത്: വിഎസ്

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:59 IST)
സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി എസ്​ അച്യുതാനന്ദൻ. ജനങ്ങളെ ഭീതിയിലാഴ്​ത്തിയല്ല പൊലീസിന്റെ മനോവീര്യം നിലനിർത്തേണ്ടതെന്ന് വി എസ് പറഞ്ഞു. ഫോർട്ട്​ കൊച്ചിയിൽ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദിച്ച സംഭവത്തിലും എഴുത്തുകാരൻ കമൽ സി ചവറയെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിലുമാണ് പൊലീസിനെതിരെ വി എസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.   
 
ഫാസിസ്​റ്റ്​ ഭരണകൂടത്തി​ന്റെ മർദനോപാധിയല്ല ​പൊലീസ്. പൊലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭരണകൂടം ഫാസിസത്തിലേക്കു നീങ്ങുകയാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കുന്നതിനു കാരണമാകും. ദമ്പതികളെ മർദിച്ച പൊലീസ്​ ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന്​ കേസെടുക്കുകയും​ സർവിസിൽ നിന്ന്​ പിരിച്ചുവിടുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    
 
ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്​. അത്തരത്തില്‍ ചെയ്താല്‍ മാത്രമേ പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താന്‍ കഴിയൂ. എഴുത്തുകാരും ആദിവാസികളും ദലിതരും കലാകാരന്മാരുമെല്ലാം നിര്‍ഭയമായും സ്വതന്ത്രമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. പന്‍സാരയുടേയും കല്‍ബുര്‍ഗിയുടേയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാകില്ലെന്ന് പൊലീസാണെന്നും വി എസ് പറഞ്ഞു. 
Next Article