സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതില്‍ വ്യാപക പ്രതിഷേധം. വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിക്കാതെ വോട്ടെടുപ്പ് തുടങ്ങി മൂന്നു മണിക്കൂറിനു ശേഷവും പോളിംഗ് നടക്കാത്ത സ്ഥലങ്ങളില്‍ റീപോളിംഗ് നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് ചേര്‍ന്ന മുസ്ലിംലീഗ് നേതൃയോഗത്തിനു ശേഷം മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഇക്കാര്യം ആവശ്യപ്പെട്ടു. നേരത്തെ, റീ പോളിംഗ് നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിലെ പ്രശ്നങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. യന്ത്രത്തകരാറിന് പിന്നില്‍ അസ്വാഭാവികതയെന്നും നേതാക്കള്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ഗൌരവമുള്ളതെന്ന് കെ പി എ മജീദ് പറഞ്ഞു.
എന്നാല്‍, വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ സ്ഥലങ്ങളില്‍ യഥാര്‍ത്ഥ പോളിംഗിനു അരമണിക്കൂര്‍ മുമ്പ് നടന്ന മോക്ക് പോളിംഗില്‍ ഇത്തരത്തിലുള്ള തകരാര്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ സൌഹൃദമത്സരം നടക്കുന്ന സ്ഥലങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.