വോട്ടിനു പണം: മൂന്നുപേര്‍ പിടിയില്‍

Webdunia
ഞായര്‍, 1 നവം‌ബര്‍ 2015 (16:28 IST)
വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ടുപിടിക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ഉള്‍പ്പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 20,000 രൂപയും തമിഴ്നാട് രജിസ്ട്രേഷന്‍ ബൈക്കും പണം കൈമാറാനുള്ളവരുടെ ഒരു ലിസ്റ്റും പൊലീസ് പിടിച്ചെടുത്തു.
 
തിരുപ്പൂര്‍ജില്ലയിലെ മഠത്തിക്കുളം സ്വദേശി വഞ്ചിയപ്പന്‍ (43), മൂന്നാര്‍ നയമക്കാട് വെസ്റ്റ് പത്തുമുറി ലയത്തില്‍ എസ്.കുമാര്‍ (47), സഹോദരന്‍ എസ്.അന്‍പഴകന്‍ (45) എന്നിവരാണു പിടിയിലായത്. 
 
ബൈക്കില്‍ പണവുമായി കന്നിമല എസ്റ്റേറ്റിലേക്ക് പോകവേ സം‍ശയത്തിന്‍റെ പേരില്‍ നാട്ടുകാരാണു പിടികൂടി ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. പിടിയിലായവര്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ട്.
 
കഴിഞ്ഞ ദിവസങ്ങളില്‍ ഉദുമല്‍പേട്ടക്കാരായ രണ്ട് പേരെയും മറയൂരില്‍ എ.ഐ.എ.ഡി.എം.കെ ക്കാരായ ദമ്പതികളെയും ഇതേകാരണത്താല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.