ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന് വിഎം സുധീരന്‍. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഗ്രൂപ്പ് രാഷ്‌ട്രീയം പാര്‍ട്ടിയെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും സുധീരന്‍ തുറന്നടിച്ചു.
താൻ ഗ്രൂപ്പുകളിയുടെ ഇരയാണ് താന്‍. ഗ്രൂപ്പ് നേതാക്കളെ ബഹുമാനിച്ചും അവരുടെ വാക്കുകള്‍ കേട്ടുമാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ ഗ്രൂപ്പിനെ ശക്തിപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചത്. അടുപ്പക്കാര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നതിനാണ് നീക്കം നടത്തിയത്. ഇതോടെ സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നുവെന്നും സുധീരന്‍ തുറന്നടിച്ചു.
തനിക്കെതിരേ തിരിഞ്ഞവര്‍ പലയിടത്തും ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത്. താന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഗ്രൂപ്പ് നേതാക്കള്‍ അവഗണിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ സ്വീകരിച്ച നീക്കങ്ങളെല്ലാം ഗ്രൂപ്പ് നേതാക്കൾ തടഞ്ഞു. മത്സര രംഗത്തേക്ക് ചെറുപ്പക്കാരെ കൊണ്ടുവരാനുള്ള ഉദ്യമവും എല്ലാവരും ചേര്‍ന്ന് തടഞ്ഞുവെന്നും സുധീരന്‍ വ്യക്തമാക്കി.