കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടായാക്കി മാനം കാക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കമാന്‍ഡ് നീങ്ങവെ സംസ്ഥനത്ത് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സുധീരനെ തൂശൂരിലെ ചാലക്കുടിയിൽ നിന്നോ മണലൂരിൽ നിന്നോ ജയിപ്പിച്ചെടുക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
സുധീരനെ മണലൂരില്‍ നിര്‍ത്താനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഹൈക്കമാൻഡ് കട്ടായം പിടിച്ചാല്‍ ഒരിക്കലും സുധീരന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഇതാണ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വലയ്‌ക്കുന്ന പ്രശ്‌നം. എന്നാല്‍, സുധീരന്‍ ഈ വിഷയത്തില്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ഹൈക്കമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ സുധീരന്റെ അഭിപ്രായം ചോദിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സുധീരൻ കൂടി മത്സരരംഗത്തുണ്ടാകുന്നത് നല്ലതാകുമെന്ന അഭിപ്രായം കേരള നേതാക്കളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ആരോപണങ്ങളും വിവാദങ്ങളും സർക്കാരിന്റെ പ്രതിച്ഛായയെ മങ്ങലേൽപ്പിച്ച സാഹചര്യത്തിൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് കൂട്ടായ നേതൃത്വം എന്ന ആശയം കേന്ദ്ര നേതൃത്വം ഉയർത്തികാട്ടുന്നത്.
സുധീരനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാഗാന്ധിക്കും ഒരേ അഭിപ്രായമാണെന്നാണ് സൂചന. എ കെ ആന്‍റണിക്കും ഈ തീരുമാനത്തോട് യോജിപ്പാണെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സോളാര്‍ കേസില്‍ ഇമേജ് നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെയും ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ചെന്നിത്തലയെയും മാറ്റിനിര്‍ത്തി സുധീരന്‍റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരട്ടെയെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചേക്കും.
ഹൈക്കമാന്‍ഡില്‍ സുധീരനുള്ള സ്വാധീനം മാത്രമല്ല ഇതിന് കാരണം. ജനസമ്മതിയുണ്ട് എന്നതാണ് സുധീരന്‍റെ ഏറ്റവും വലിയ ബലം. ആദര്‍ശധീരനായ, അഴിമതിമുക്തനായ, ജനകീയനായ സുധീരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ദീര്‍ഘകാലം കേരളത്തില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
ഗ്രൂപ്പടിസ്ഥാനത്തിലല്ല, ജയസാധ്യതയുള്ളവരെയാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളാക്കുക എന്ന് എ കെ ആന്‍റണിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചു വരുന്ന എം എല്‍ എമാരില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് മുന്‍തൂക്കമുണ്ടാകാനുള്ള സാധ്യത കുറവാണ്.