കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ഒരേസമയം മൂന്ന് കപ്പലുകള്‍ നങ്കൂരമിട്ടു. തുറമുഖം ആരംഭിച്ചതിന് ശേഷം ഇത്രയും കപ്പലുകള്‍ ഒരേസമയം എത്തുന്നത് ആദ്യമായാണ്. എംഎസ്സി സുജിന്‍, എംഎസ്സി സോമിന്‍, എംഎസ്സി ടൈഗര്‍ എഫ് എന്നീ മൂന്ന് കപ്പലുകളാണ് ഒരേസമയം തുറമുഖത്തെത്തിയത്. ഈ കപ്പലുകളില്‍ നിന്നുള്ള കണ്ടെയ്‌നര്‍ കൈമാറ്റത്തിനായി ഏഴ് ഷിപ്പ് ടു ഷോര്‍ ട്രെയിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചു. മൂന്ന് കപ്പലില്‍ നിന്നായി ഒരേ സമയം കണ്ടെയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തി, യഥാക്രമം കണ്ടെയ്‌നറുകള്‍ ക്രമീകരിക്കാന്‍ കഴിഞ്ഞത് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമതയുടെയും വളര്‍ച്ചയുടെയും തെളിവാണ്.
ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായ 800 മീറ്റര്‍ ബര്‍ത്തില്‍ 700 മീറ്റര്‍ ബര്‍ത്ത് ഈ മൂന്ന് വാണിജ്യ കപ്പലുകള്‍ക്കായി ഉപയോഗപ്പെടുത്തി. വരും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കപ്പലുകള്‍ ഒരേസമയത്ത് ചരക്ക് കൈമാറ്റം ചെയ്യാനുള്ള വലിയ സൗകര്യമാണ് വിഴിഞ്ഞം ലോകത്തിനു മുമ്പില്‍ തുറന്നു വയ്ക്കുന്നത്.