ബൈക്ക് മോഷണം: പതിനാറുകാരന്‍ അറസ്റ്റില്‍

തിങ്കള്‍, 7 മാര്‍ച്ച് 2016 (10:54 IST)
മോഷണം നടത്തിയ ബൈക്കുമായി പതിനാറുകാരനെ കഴിഞ്ഞ ദിവസം രാവിലെ പൊലീസ് പിടികൂടി. മൂന്നാഴ്ച മുമ്പ് പതിനാറുകാരനെ ബൈക്കുമായി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയിരുന്നു. അന്ന് ബൈക്കിന്‍റെ രേഖകളുമായി എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ബൈക്ക് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് പതിനാറുകാരന്‍ ഒളിവില്‍ പോയി. എന്നാല്‍ കഴിഞ്ഞ ദിവസം കാഞ്ഞിരംകുളം സ്വദേശി വിനീഷിന്‍റെ ബൈക്കുമായി ഇയാളുടെ സുഹൃത്ത് മുക്കോല ജംഗ്ഷനില്‍ എത്തി. നിമിഷങ്ങള്‍ക്കകം ഈ ബൈക്ക് പതിനാറുകാരന്‍ അടിച്ചുമാറ്റി.

എന്നാല്‍ ബൈക്കുമായി വെങ്ങാന്നൂര്‍ വഴി വന്നപ്പോള്‍ വെണ്ണിയൂരില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതു കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് കണ്ട പൊലീസ് പിന്നാലെ പാഞ്ഞ് പയ്യനെ പിടികൂടി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണങ്ങളുടെ തുടര്‍ക്കഥകള്‍ പയ്യന്‍ വെളിപ്പെടുത്തിയത്. പയ്യനെതിരെ മൊബൈല്‍ മോഷണം അടക്കമുള്ള നിരവധി കേസുകള്‍ ഉണ്ടെന്നാണു പൊലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക