കൊല്ലം: വിവാദമായ വിസ്മയയുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പുരോഗമിക്കവേ വിസ്മയയുടെ വീട്ട് വിലാസത്തിൽ ഭീഷണിക്കത്ത് എത്തി. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. പത്തനംതിട്ടയിൽ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടിലേക്ക് എത്തിയത്.
കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നല്കാമെന്നുമാണ് കത്തിൽ പറയുന്നത്. പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിനും ഉണ്ടാകുമെന്നുമാണ് കത്തിൽ ഉള്ളത്. കത്ത് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ചടയമംഗലം പൊലീസിന് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
എന്നാൽ ഈ ഭീഷണി കത്ത് എഴുതിയത് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറാകാൻ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. കേസിന്റെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.