വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു, പെന്‍ഷന്‍ പോലും കിട്ടില്ല; ചരിത്രത്തില്‍ ആദ്യം

വെള്ളി, 6 ഓഗസ്റ്റ് 2021 (15:51 IST)
കേരള ചരിത്രത്തില്‍ ആദ്യമായി സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നു പിരിച്ചുവിട്ടു. വിസ്മയ കേസ് പ്രതി എസ്.കിരണ്‍കുമാറിനെതിരെയാണ് വകുപ്പ് തല നടപടി. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍കുമാര്‍. കിരണിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ സര്‍വീസ് റൂള്‍ ചട്ടം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ശനിയാഴ്ച വിസ്മയയുടെ വീട് സന്ദര്‍ശിക്കും.
 
നിയമാനുസൃതമായി നടത്തിയ വകുപ്പ് അന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനം കൈക്കൊണ്ടത്. കിരണിനെതിരായ ആരോപണം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. 1960ലെ സര്‍വീസ് റൂള്‍ ചട്ടപ്രകാരം സ്ത്രീവിരുദ്ധപ്രവര്‍ത്തിയും സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടികള്‍ ഗുരുതരമായ നിയമലംഘനവും പെരുമാറ്റദൂഷ്യവുമാണ്. അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അന്തസിന് കളങ്കപ്പെടുത്തിയാല്‍ സര്‍വീസ് റൂള്‍ ചട്ടപ്രകാരം നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനോ വാങ്ങുവാനോ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെന്‍ഷന്‍ പോലും ലഭിക്കാത്ത വിധം കിരണ്‍ കുമാര്‍ നടപടി നേരിടേണ്ടിവരും. സത്രീധന സംബന്ധമായ വിഷയങ്ങളില്‍ ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍