മൂന്നാം മുന്നണിക്ക്‌ പ്രസക്‌തിയുണ്ട്; ബിജെപിയോട്‌ എതിര്‍പ്പില്ല: വിഷ്‌ണുപുരം ചന്ദ്രശേഖരന്‍

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (18:14 IST)
കേരളത്തില്‍ മൂന്നാം മുന്നണിക്ക്‌ പ്രസക്‌തിയുണ്ടെന്ന്‌ വി.എസ്‌.ഡി.പി നേതാവ്‌ വിഷ്‌ണുപുരം ചന്ദ്രശേഖരന്‍. ബി.ജെ.പിയോട്‌ എതിര്‍പ്പില്ലെന്നും വിഷ്‌ണുപുരം വ്യക്തമാക്കി.ബിജെപിയുമായുള്ള ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും വിഷ്‌ണുപുരം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബി.ജെ.പിയെ എതിര്‍ക്കുന്ന നിലപാടായിരുന്നു വി.എസ്‌.ഡി.പിക്ക്‌. ഇനി ആ എതിര്‍പ്പ്‌ തുടരേണ്ടെന്നാണ്‌ തീരുമാനം.

അതേസമയം ഹിന്ദുക്കളെ മാത്രം സംഘടിപ്പിക്കാനാണ്‌ തീരുമാനമെങ്കില്‍ വി.എസ്‌.ഡി.പിക്ക്‌ യോജിക്കാനാകില്ലെന്നും  എല്ലാ മനുഷ്യരെയും ഒരുമിച്ചു ചേര്‍ക്കണമെന്നാണ്‌ വി.എസ്‌.ഡി.പിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത്‌ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയസാധ്യതയുള്ള വിഎസ്‌ഡിപി സ്‌ഥാനാര്‍ത്ഥികളെ പ്രാദേശികമായി പിന്തുണയ്‌ക്കുമെന്ന്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ വി മുരളീധരനും വ്യക്‌തമാക്കി.