മൊബൈൽ സന്ദേശങ്ങളിൽ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തം, ജാമ്യം നൽകാൻ കോടതി പരിഗണിച്ചത് ഈ കാര്യങ്ങൾ

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (12:13 IST)
യുവനടിയെ പീഡിപ്പിച്ച കേസിൽ കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം അനുവദിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 17 വരെയുള്ള സന്ദേശങ്ങളിൽ നിന്ന് പ്രഥമദൃഷ്ട്യാ ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമാകുമെന്നതടക്കം വിലയിരുത്തിയാണ് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചത്. 2018 മുതലുള്ള അടുപ്പമാണ് സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലേക്ക് എത്തിയതെന്നായിരുന്നു കോടതിയിൽ വിജയ് ബാബുവിൻ്റെ വാദം.
 
ജാമ്യം നൽകാൻ കോടതി പരിഗണിച്ച കാര്യങ്ങൾ
 
വിജയ് ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതിൽ നിന്ന് മാറാൻ ഇടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു. വിവാഹിതനായതിനാൽ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാനാകില്ലെന്ന് ഇരയ്ക്ക് അറിയാമായിരുന്നു. മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെ ഇര ഏതെങ്കിലും വിധത്തിൽ തടവിലായിരുന്നില്ല.
 
വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. വിജയ് ബാബു മാർച്ച് 16 മുതൽ 30 വരെയുള്ള ഫോണിലെ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞപ്പോൾ ഇര എല്ലാ സന്ദേശങ്ങളും മായ്ച്ചുകളഞ്ഞു.മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയവിനിമയങ്ങളിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുന്നില്ല.
 
ഹർജിക്കാരൻ്റെ പുതിയ സിനിമയിൽ താനല്ല നായിക എന്ന് ഇര അറിയുന്നത് ഏപ്രിൽ 15ആം തീയതിയാണ്. ഇതിനെ തുടർന്ന് ഇര ഏപ്രിൽ 17ന് വിജയ് ബാബുവിനോട് പൊട്ടിത്തെറിച്ചിരുന്നു. വിജയ് ബാബുവിൻ്റെ ഭാര്യ 2018ൽ ഗാർഹിക പീഡനം, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് പരാതി നൽകിയിരുന്നെങ്കിലും ആഴ്ചകൾക്ക് ശേഷം ഇത് പിൻവലിച്ചിരുന്നു. പാസ്പോർട്ട് തടഞ്ഞുവെച്ചിരിക്കുന്നതിനാൽ വിജയ് ബാബു രാജ്യം വിടാൻ സാധ്യതയില്ല.
 
ജൂൺ 27ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണം,അറസ്റ്റ് ചെയ്താല്‍ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുളള രണ്ട് ആള്‍ ജാമ്യത്തിലും വിടണം. ഇരയെ ബന്ധപ്പെടരുത്. ഇരയേയോ കുടുംബത്തെയോ സമൂഹമാധ്യമം വഴിയോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ ആക്രമിക്കരുത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.കോടതിയുടെ അന്നുമതി ഇല്ലാതെ കേരളം വിട്ട് പോകരുത്. എന്നെല്ലാമാണ് ജാമ്യവ്യവസ്ഥകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article