ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്കാന്‍ അന്നത്തെ വ്യവസായമന്ത്രി ആയിരുന്ന എളമരം കരീം കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ അംഗീകരിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കേസ് എഴുതിത്തള്ളി. എന്നാല്‍, കേസ് എഴുതിത്തള്ളിയ കാര്യം വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ അനധികൃത ഇരുമ്പയിര് ഖനനത്തിന് അനുമതി നല്കാന്‍ അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
കരീമിന്റെ ബന്ധുവായ നൗഷാദിന്റെ ഡ്രൈവർ സുബൈര്‍ ആയിരുന്നു ആരോപണം ഉന്നയിച്ചത്. ഖനന കമ്പനിയുടെ പ്രതിനിധികൾ കൈമാറിയ പണം കോഴിക്കോട് ബേപ്പൂരുള്ള കരീമിന്റെ വസതിയിൽ എത്തിച്ചത് താനാണെന്ന് സുബൈർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്റെ പക്ഷം. കൂടാതെ, കേസിൽ കരീമിനെ ചോദ്യം ചെയ്തിട്ടില്ല. പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കേസ് എഴുതിത്തള്ളണമെന്ന എസ് പിയുടെ നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്‌ടര്‍ അംഗീകരിക്കുകയായിരുന്നു.