ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്കൊണ്ട് കേരളത്തിലെ ജാതിയുടെ വേലിക്കെട്ടു പൊട്ടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞുവെന്ന് നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ജനസമൂഹത്തിന്റെ വിശ്വാസ്യത നേടി അവരെ കൂടെ നിർത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസമാർജിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ രണ്ടു മുന്നണികളിൽ ഒരാൾ അധികാരത്തിലെത്തണം എന്ന അവസ്ഥ ഇല്ലാതായി. ഇടതുമുന്നണിയുടെ ഇടം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്തവണത്തേത് താൽക്കാലിക നേട്ടം. ഈ നേട്ടം നിലനിർത്താൻ അവർക്കു സാധിക്കില്ല എന്നും വെങ്കയ്യ പറഞ്ഞു.
മുതിർന്ന നേതാവ് ഒ രാജഗോപാൽ സംസ്ഥാനത്തുനിന്നുള്ള ആദ്യ ബിജെപി എംഎൽഎയായി. ഏഴിടത്ത് എൻഡിഎ രണ്ടാമതെത്തി; 35 മണ്ഡലങ്ങളിലെങ്കിലും നിർണായക ശക്തിയായി. ഇന്നലെ വരെ ബദലില്ലാതിരുന്ന കേരളത്തിൽ ബദലുണ്ടായിരിക്കുന്നു. – വെങ്കയ്യ അഭിപ്രായപ്പെട്ടു.