വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയംവച്ചു, പകരം മുക്കുപണ്ടം നല്‍കി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഫെബ്രുവരി 2025 (11:04 IST)
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ കൊല്ലപ്പെട്ട കാമുകി ഫര്‍സാനയുടെ മാലയും പണയം വെച്ചതായി വിവരം. പകരം മുക്കുവണ്ടം നല്‍കുകയായിരുന്നു. മാല എടുത്തു തരണമെന്ന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. മെഡിക്കല്‍ കോളേജില്‍ വച്ച് തന്നെ അഫാനെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. വലിയ കടബാധ്യതയാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
 
അതേസമയം ആരോഗ്യനില മെച്ചപ്പെട്ടതിന് പിന്നാലെ വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി എന്ന് രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമീന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. 
 
ജീവിതവുമായി മുന്നോട്ടു പോകാന്‍ വഴിയില്ലെന്നും അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ടെന്നും കൊലപാതകങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി അഫാന്‍ പറഞ്ഞിരുന്നു. കൊലപാതങ്ങള്‍ക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് 40,000 രൂപ കടം വീട്ടാനാണ് അഫാന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമ്മ ഷെമിനയ്ക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് വിവരം. അഫാന്റെ വാദം ശരിവയ്ക്കുന്ന തരത്തിലാണ് പോലീസിന്റെ കണ്ടെത്തല്‍. അഫാന്റെയും ഷെമിനയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍