വനിതാ മതിലിനോടു സഹകരിക്കാത്തവര്‍ എസ്എൻഡിപിയില്‍ ഉണ്ടാകില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എല്ലാ എസ്എൻഡിപി യോഗം പ്രവർത്തകരും വനിതാ മതിലിനോടു സഹകരിക്കും. താല്‍പ്പര്യമില്ലാത്തവരുടെ സ്ഥാനം സംഘടനയുടെ പുറത്തായിരിക്കും. ബിഡിജെഎസ് പങ്കെടുക്കുമോ എന്ന് അവരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ തുഷാർ വെള്ളാപ്പള്ളി യോഗത്തില്‍ പങ്കെടുത്തു. വനിതാ മതിലിനോട് ബിഡിജെഎസ് ഇതുവരെ എതിര്‍പ്പ് അറിയിച്ചിട്ടില്ല. നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന എസ്എൻഡിപി വനിതാ മതിലിൽ നിന്നു മാറി നിന്നാൽ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൻഎസ്എസിനു മാന്യതയും മര്യാദയുമുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നോക്ക നേതാവ് പറഞ്ഞാൽ മാത്രം വനിതാ മതിലിൽ നിന്ന് മുന്നോക്ക വിഭാഗങ്ങൾ മാറി നിൽക്കില്ല.