ബിഷപ്പ് വിഷം കുത്തുന്ന വര്‍ഗീയ വാദി; ഇടുക്കി ബിഷപ്പിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി

Webdunia
ഞായര്‍, 14 ജൂണ്‍ 2015 (14:41 IST)
ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴികാട്ടിലിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഷപ്പ് വിഷം കുത്തുന്ന വര്‍ഗീയ വാദിയെ പോലെയാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കോടികള്‍ മുടക്കി മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്നും ഇതിനായി വിദേശപണം ഒഴുക്കുന്നുതായും വെള്ളാപ്പള്ളി ആരോപിച്ചു. ബിഷപ്പിന്റെ തറപറ പറച്ചില്‍ മതനേതാവിന് ചേര്‍ന്നതല്ല. ബിഷപ്പിനെതിരെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് കേസെടുക്കണം എന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
 
നേരത്തെ കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൌണ്‍സിലിന്റെ യോഗത്തില്‍ സംസാരിക്കവെ മിശ്രവിവാഹം വിശ്വാസത്തിന് എതിരാണെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴികാട്ടില്‍ പറഞ്ഞിരുന്നു. ഇതുകൂടാതെ വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കണമെന്നും ലവ് ജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.