ഇടുക്കി ബിഷപ്പിനെ കണ്ടാല്‍ മണിയാശാന്റെ ചേട്ടനേപ്പോലെ: വെള്ളാപ്പള്ളി

Webdunia
വ്യാഴം, 18 ജൂണ്‍ 2015 (15:35 IST)
ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പൂര്‍വികര്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടുക്കി ബിഷപ്പിന്റെ കാരണവന്‍മാര്‍ മതപരിവര്‍ത്തനത്തിലൂടെ ക്രൈസ്‌തവരായവരാണ്‌. അദ്ദേഹത്തെ കണ്ടാല്‍ മണിയാശാന്റെ ചേട്ടനാണെന്നേ പറയൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എന്‍ഡിപി യോഗം മലനാട്‌ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക-ആരോഗ്യ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടുക്കി ബിഷപ്പ്‌ റോമില്‍ നിന്നു വന്ന ആളല്ല. നിറത്തിന്റെയും തലയുടെയും കാര്യത്തില്‍ മണിയാശാന്റെ ചേട്ടനാണ്‌. മണിയാശാന്‍ മണിയടിക്കാന്‍ പള്ളിമേടയില്‍ കയറിയെന്നും ഇടതുപക്ഷത്തിന്റെ ആദര്‍ശങ്ങള്‍ എവിടെപ്പോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈഴവ സമുദായത്തെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും ഇടുക്കി ബിഷപ്‌ അപമാനിച്ചപ്പോള്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ മനസ്‌ മറ്റു ബിഷപ്പുമാര്‍ക്കും ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടുക്കി എം.പിക്ക്‌ പാര്‍ലമെന്റില്‍ മുറുക്കാന്‍ വാങ്ങുന്ന പണിയാണെന്നും നരേന്ദ്ര മോഡി പ്രധാനമന്ത്രിയായപ്പോള്‍ അതു തങ്ങളുടെ പ്രാര്‍ഥന കൊണ്ടാണെന്നു ചില ക്രൈസ്‌തവ മേലധ്യക്ഷന്‍മാര്‍ പറഞ്ഞെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കൂടാതെ മുസ്ലിം സമുദായം ഇടുക്കിയില്‍ മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും വീടും പണവും നല്‍കി മതപരിവര്‍ത്തനം നടത്തുന്നത്‌ ചില ക്രൈസ്‌തവ പുരോഹിതരാണെന്നും ഒറ്റപ്പെട്ട ലൗ ജിഹാദുകളുടെ പേരു പറഞ്ഞ്‌ ചില ബിഷപ്പുമാര്‍ വര്‍ഗീയത പരത്തുകയാണെന്നും വെള്ളപ്പളി ആരോപിച്ചു.

ഈഴവര്‍ അര്‍ഹതപ്പെട്ടതു ചോദിച്ചാല്‍ അതു ജാതി പറയലായും ക്രൈസ്‌തവര്‍ ചോദിക്കുമ്പോള്‍ അതു നീതിയാണെന്നും പറയുന്ന ഇരട്ടത്താപ്പാണു നടക്കുന്നത്‌. എവിടെയും മതാധിപത്യമാണ്‌. വിപ്ലവ പാര്‍ട്ടികള്‍ അവരുടെ പിറകെയാണ്‌- വെള്ളപ്പള്ളി പറഞ്ഞു.