കേരളം തിന്നു തീര്‍ത്തത് 26 ഇനം ‘വിഷക്കറികള്‍‘

Webdunia
ശനി, 28 ജൂണ്‍ 2014 (16:24 IST)
മലയാളികള്‍ കഴിഞ്ഞ വര്‍ഷം തിന്നു തീര്‍ത്ത 26 ഇനം പച്ചക്കറികളില്‍ കൊടിയ വിഷമെന്ന് റിപ്പോര്‍ട്ട്. കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും നാല് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് എന്നീ നഗരങ്ങളിലെ പച്ചക്കറിക്കടകള്‍, ജൈവ പച്ചക്കറിക്കടകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നെടുത്ത പച്ചക്കറി സാമ്പിളുകളാണ് പരിശോധനകള്‍ക്കായി ശേഖരിച്ചത്.

2013 ജനവരി മുതല്‍ ഡിസംബര്‍ വരെയുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. വിറ്റഴിക്കപ്പെട്ട പത്തിനങ്ങളില്‍ നിഷ്‌കര്‍ഷിച്ച അളവില്‍ താഴെ മാത്രമാണ് വിഷാംശമുള്ളത്. ഇരുപത്തെട്ടിനങ്ങള്‍ തീര്‍ത്തും വിഷമില്ലാത്തതാണെന്നും കണ്ടെത്തി.

പുതിനയില, കറിവേപ്പില, ചുവന്ന ചീര, പച്ചച്ചീര, പച്ചമുളക്, മഞ്ഞ കാപ്‌സിക്കം, പച്ച കാപ്‌സിക്കം, ചുവന്ന കാപ്‌സിക്കം, വഴുതന, ചുവന്നുള്ളി, സെലറി, മല്ലിയില, കോളിഫ്ലൂവര്‍, വെള്ള റാഡിഷ്, ചുവന്ന റാഡിഷ്, വയലറ്റ് കാബേജ്, വെള്ള കാബേജ്, കാരറ്റ്, വെള്ളരി, വെണ്ടക്ക, സാമ്പാര്‍ മുളക്, നെല്ലിക്ക, പയര്‍, പാവയ്ക്ക, കോവയ്ക്ക, മുരിങ്ങയ്ക്ക തുടങ്ങിയവയിലാണ് മാരകമായ അളവില്‍ വിഷം കണ്ടെത്തിയത്.

ഓരോ മാസവും അമ്പത് മുതല്‍ അറുപതുവരെ ഇനം പച്ചക്കറികളുടെ നൂറുവീതം സാമ്പിള്‍ ശേഖരിച്ച് വെള്ളായണി കാര്‍ഷിക കോളേജിലെ 'കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബി'ല്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്.