സതീശന്‍ കമ്മിറ്റി ശുപാര്‍ശ: കുപ്രസിദ്ധര്‍, അഴിമതിക്കാര്‍, മദ്യപര്‍ ഇവര്‍ക്ക് സീറ്റില്ല

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (11:00 IST)
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള സ്‌ഥാനാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗരേഖ തയാറായി. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വിഡി സതീശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് മാര്‍ഗരേഖ തയാറാക്കിയത്. കുപ്രസിദ്ധര്‍, അഴിമതിക്കാര്‍, മദ്യപര്‍, അച്ചടക്കലംഘനത്തില്‍ ശിക്ഷ ഏറ്റുവാങ്ങിയവര്‍, വിപ്പ്‌ ലംഘിച്ചവര്‍ തുടങ്ങിയവര്‍ക്കൊന്നും സീറ്റ്‌ നല്‍കാന്‍ പാടില്ല എന്ന അടക്കമുള്ള നിരവധി കാര്യങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്ളത്. റിപ്പോര്‍ട്ട്‌ ഇന്ന്‌ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് കൈമാറും.

തദ്ദേശസ്‌ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജനറല്‍ സീറ്റുകളില്‍ വനിതകളെ സ്‌ഥാനാര്‍ഥികളാക്കേണ്ടതില്ല. സ്‌ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനും ത്രിതല സംവിധാനമാണ് ആവശ്യം. പഞ്ചായത്തുകളില്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തുബോള്‍ ശ്രദ്ധിക്കണം. താഴേത്തട്ടില്‍ സ്വീകാര്യരായി വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം. ബ്ലോക്ക്‌ പഞ്ചായത്തുകളിലെ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കുന്നതിന്‌ ജില്ലാതല സമിതികള്‍ രൂപീകരിക്കും. കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തിനു പ്രത്യേക കമ്മിറ്റി വേണം. ഇതിന്റെ അന്തിമതീരുമാനം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ സമിതിക്കായിരിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

ഭാര്യയും ഭര്‍ത്താവും സീറ്റ്‌ മാറിമാറി കൈവശം വയ്‌ക്കുന്നത്‌ അവസാനിപ്പിക്കണം. എന്നാല്‍ ഒരു സ്‌ഥാനാര്‍ഥിയേയും മുകളില്‍ നിന്ന്‌ നിര്‍ദേശിച്ച്‌ തീരുമാനിക്കേണ്ടതില്ല. ഡി.സി.സി, കെ.പി.സി.സി. ഭാരവാഹികള്‍ക്ക്‌ മത്സരിക്കണമെങ്കില്‍ അവര്‍ ബന്ധപ്പെട്ട കമ്മിറ്റികളെ സമീപിക്കണം. അവിടെനിന്നു പേരുകള്‍ അംഗീകരിച്ചാല്‍ മാത്രമേ അനുമതി ലഭിക്കൂ. വനിതാസ്‌ഥാനാര്‍ഥികളെ പാര്‍ട്ടിയുടെ പോഷകസംഘടനകളില്‍നിന്നുതന്നെ തീരുമാനിക്കണമെന്നും സമിതി സമിതി നിര്‍ദേശിക്കുന്നു.