വടിവാള്‍ വിനീതിനെ പിടികൂടാന്‍ പോലീസിന്റെ സംയുക്ത ഓപ്പറേഷന്‍

എ കെ ജെ അയ്യര്‍
ശനി, 16 ജനുവരി 2021 (12:10 IST)
കൊല്ലം: അന്‍പതോളം കേസുകളിലെ പ്രതിയായ  വിനോദ് എന്ന വടിവാള്‍ വിനീതിനെ പിടികൂടാന്‍ പോലീസിന്റെ പട തന്നെ വേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ചെങ്ങന്നൂരില്‍ നിന്ന് പുലര്‍ച്ചെ കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളിക്കുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ തട്ടിയെടുക്കുകയും ഇയാളെ കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് വടിവാള്‍ വിനീതിനെ പോലീസ് പിടികൂടിയത്.
 
ബൈക്കിലെത്തിയ വിനീത് ശ്രീപതിയെ വഴിയില്‍ തടയുകയും കാര്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ കയറി വടിവാള്‍ കഴുത്തില്‍ വച്ച് ക്യാമറ, മൊബൈല്‍, സ്വര്‍ണ്ണമാല, മോതിരം എന്നിവ തട്ടിയെടുത്ത്. തുടര്‍ന്ന് ശ്രീപതിയെ ഇറക്കിവിടുകയും കാറുമായി കടന്നു കളയുകയും ചെയ്തു. എന്നാല്‍ കൊല്ലം ചിന്നക്കടയില്‍ വച്ച് പോലീസ് കാര്‍ തടഞ്ഞപ്പോള്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
 
എന്നാല്‍ അവിടെ നിന്ന് പള്ളിത്തോട്ടത്തെത്തുകയും അവിടെ നിന്ന് ഒരു ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിക്കുകയും ചെയ്തു. പിന്നീട് ചടയമംഗലത്തു നിന്ന് ഒരു മാരുതി ആള്‍ട്ടോ കാര്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പോലീസ് പിടിയിലാവുകയും ചെയ്തു. മാരുതി കാര്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് വിനീതിനെ കുടുക്കാന്‍ പോലീസ് സംയുക്ത ഓപ്പറേഷന്‍ തന്നെ നടത്തി.
 
സംയുക്ത ഓപ്പറേഷന് കൊല്ലം, കരുനാഗപ്പള്ളി എസ് പി മാരുടെ നേതൃത്വത്തില്‍ ആറു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, പത്തിലേറെ എസ്.ഐ മാര്‍, എണ്‍പത്തിലേറെ പോലീസുകാര്‍ ഉള്‍പ്പെട്ട ടീമാണ് തയ്യാറായത്. ചടയമംഗലത്തു നിന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷ്ടിച്ച കാറുമായി ഇയാള്‍ കൊല്ലത്തെത്തി. ഇയാളുടെ ഓരോ നീക്കവും നിരീക്ഷിച്ചിരുന്നു പോലീസ് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബിനു മുമ്പില്‍ വച്ച് കാര്‍ തടഞ്ഞു. എന്നാല്‍ കാര്‍ പോലീസ് ജീപ്പിലേക്ക് ഇടിച്ചു നിര്‍ത്തുകയും ഇറങ്ങി ഓടുകയും ചെയ്തു. ഇത്തരത്തില്‍ ഓടി രക്ഷപ്പെടുന്നതില്‍ വിരുതനായ വിനീതിനെ രീതി അറിയാമായിരുന്ന പോലീസ് പുറകെ വച്ചുപിടിച്ചു.
 
വിനീത് ജനയുഗം റോഡിലൂടെ ഓടിമറഞ്ഞു. എന്നാല്‍ പോലീസ് നിരാശരായില്ല. ആ പ്രദേശത്തുള്ളവരെ മൈക്ക് അനൗണ്‌സ്‌മെന്റിലൂടെ വിളിച്ചുണര്‍ത്തുകയും മുന്നൂറിലേറെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടാനിറങ്ങി. അവസാനം നാഗരാ തിര്‍ത്തിയിലെ ഒരു വീട്ടിന്റെ മതി ചാടിക്കടക്കാന്‍ ശ്രമിക്കവേ വടിവാള്‍ വിനീതിനെ പിടികൂടി. പിടികൂടിയപ്പോള്‍ ബര്‍മുഡ മാത്രമായിരുന്നു വേഷം.  
 
മോഷണ സംഘത്തില്‍ പെട്ട പുന്നമട സ്വദേശിനി ഷിന്‍സിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ ദമ്പതീ സമ്മതമായിരുന്നു മോഷണം. നിമിഷ നേരം കൊണ്ട് ഏതു വാഹനവും താക്കോല്‍ പോലും ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ മിടുക്കനായ ഇയാള്‍ കന്യാകുമാരി മുതല്‍  കൊച്ചി വരെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്ന് മിഷേല്‍, ഷിന്‍സി, ശ്യാമ എന്നിവരുമായി നിരവധി മോഷണങ്ങളാണ് നടത്തിയത്. നിരവധി തവണ പിടിച്ചെങ്കിലും ജയില്‍ ചാടി രക്ഷപ്പെട്ടു.
 
വളരെ ചെറുപ്പത്തില്‍ തന്നെ മോഷണം കളിയാക്കിയ വിനീതിന്റെ കൈവശം എപ്പോഴും വടിവാള്‍ പോലെയുള്ള ഒരു മൂര്‍ച്ചയേറിയ ആയുധം കാണുന്നതിനാല്‍ വടിവാള്‍ വിനീത് എന്ന പേരും ചാര്‍ത്തി. കുട്ടിക്കാലത്ത് പോലും മോഷണം നടത്തിയ ഇയാള്‍ രണ്ട് വര്ഷം ജുവനൈല്‍ ഹോമിലും കഴിഞ്ഞിട്ടുണ്ട്. ഇതോടെ അവിടെയും സുഹൃത്തുക്കളെ കിട്ടി. പുറത്തിറങ്ങിയ ശേഷമാണ്  മോഷണം സ്ഥിരമാക്കിയത്. അടുത്തിടെ ഇയാളെയും മിഷേലിനേയും പിടികൂടി കോവിഡ്  ചികിത്സാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് ശ്രീപതിനെ കൊള്ള ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article