യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളുമായ ശിവരഞ്ജിത്തും നസീമും ബിരുദാനന്തര ബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്റെ രേഖകള്‍ പുറത്ത്. ശിവരഞ്ജിത്തിന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാംറാങ്കും നസീമിന് 28 ആം റാങ്കുമാണ് ലഭിച്ചത്. പല വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. ഇരുവരും എംഎ ഫിലോസഫി ഒന്നാം സെമസ്റ്റര്‍ രണ്ടുതവണ എഴുതിയിട്ടും ജയിച്ചില്ല.
2018 മെയിലാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഒന്നാം സെമസ്റ്ററിലെ നാലു പേപ്പറുകള്‍ക്കും പരാജയപ്പെട്ടു. 2019-ല്‍ വീണ്ടും ഈ പരീക്ഷകളെഴുതിയെങ്കിലും ജയിച്ചില്ല.
ആദ്യത്തെ തവണ ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫി പേപ്പറിന് നാല് മാര്‍ക്കാണ് ലഭിച്ചത്. സപ്ലിമെന്ററി പരീക്ഷയില്‍ ഈ പേപ്പറിന് 12 മാര്‍ക്കും ലഭിച്ചു. വെസ്റ്റേണ്‍ ഫിലോസഫിക്ക് മൂന്നരമാര്‍ക്കും മൂന്നാം പേപ്പറിന് 13 മാര്‍ക്കും ലഭിച്ചു. നാലാംപേപ്പര്‍ മോറല്‍ ഫിലോസഫിക്ക് 46.5 മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
രണ്ടാംപ്രതി എഎന്‍ നസീം പുനപ്രവേശനം നേടിയാണ് എംഎ ഫിലോസഫിക്ക് പഠിക്കുന്നത്. 2019-ല്‍ സെക്കന്‍ഡ് സെമസ്റ്റര്‍ സപ്ലിമെന്ററിയില്‍ ഇന്റേണല്‍ 10 മാര്‍ക്കും തിയറിക്ക് പൂജ്യം മാര്‍ക്കുമാണ് ലഭിച്ചത്. മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി പേപ്പറുകള്‍ രണ്ടിനും പൂജ്യം. എന്നാല്‍ ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് ശിവരഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.