യുഡിഎഫില്‍ പോര് മുറുകുന്നു; ചെന്നിത്തലയും ഡൽഹിക്ക്

Webdunia
ഞായര്‍, 20 ജൂലൈ 2014 (13:34 IST)
കോണ്‍ഗ്രസില്‍ ചൂട് പിടിച്ച മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ക്ക് ഗ്രൂപ്പ് കളിയുടെ ചായം തേച്ച് കൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡൽഹിക്ക് പോകും.

മന്ത്രിസഭാ പുന:സംഘടന നടത്തുമെന്നും പുന:സംഘടന ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി വരുന്ന വ്യാഴാഴ്ച ഡൽഹിയിലേക്ക് പോവാൻ തീരുമാനിച്ചത്.

പുന:സംഘടനയിലുള്ള പ്രതിഷേധം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ചെന്നിത്തല അടുത്ത മാസം ആദ്യം ഡൽഹിയിലെത്തുക. സ്വകാര്യ ആവശ്യത്തിനുള്ള യാത്രയാണ് എന്നാണ് വിശദീകരണമെങ്കിലും പുന:സംഘടന ചര്‍ച്ചയ്ക്കാണ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ജി കാർത്തികേയൻ മന്ത്രിസഭയിൽ ചേരുന്നതിനെ അനുകൂലിച്ച് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ രംഗത്തെത്തി. കാർത്തികേയൻ മന്ത്രിസഭയിൽ ചേരുന്നതിനെ താൻ എതിർത്തിട്ടില്ലെന്നും. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളും വാര്‍ത്തകളും വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കോട്ടയത്ത് വെച്ച് പറഞ്ഞു. തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും. ഈ വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വരുബോള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.