ബാര്‍ കോഴ ആരോപണത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയും കൂടിയായതോടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും (എം) തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. കെഎം മാണിയും സംഘവും തുറന്ന പോരിന് ഒരുക്കമല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ജെഡിയു പൊട്ടിത്തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തെ പരാജയം സംബന്ധിച്ച് അന്വേഷിച്ച കെപിസിസി മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് കൈമാറണമെന്നുമാണ് ജെഡിയുവിന്റെ പ്രധാന ആവശ്യം. കക്ഷി നേതാക്കളുടെ യോഗമായതിനാല്‍ വര്‍ഗീസ് ജോര്‍ജ് മാത്രമാണ് ജെഡിയുവിനെ പ്രതിനിധീകരിച്ച് യോഗത്തിനു എത്തുന്നത്.
നേമത്ത് കോണ്‍ഗ്രസ് വോട്ടു കച്ചവടം തന്നെ നടത്തി എന്നാണു കെപിസിസി മേഖലാ സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ റിപ്പോര്‍ട്ട് ആണ് ജെഡിയുവിനു കൈമാറണം എന്ന് ഈ യുഡിഎഫ് യോഗത്തില്‍ ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെടുക.
മുന്‍പ് വീരേന്ദ്രകുമാറിനെ പാലക്കാട് കോണ്‍ഗ്രസ് തോല്‍പ്പിക്കുകയായിരുന്നു എന്ന യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാത്ത കോണ്‍ഗ്രസ് നേതൃത്വം ഈ റിപ്പോര്‍ട്ടിലും ഒരു നടപടിയും എടുക്കില്ലെന്ന കണക്ക് കൂട്ടലിലാണ് ജെഡിയു ഇന്നു യുഡിഎഫ് നേതൃ യോഗത്തിനു എത്തുന്നത്.
പാലക്കാട് തോല്‍വിയുടെ പേരിലുള്ള യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാത്ത കോണ്‍ഗ്രസ് നെത്രുത്വത്തിന്നെതിരെ പൊട്ടിത്തെറിച്ച വീരേന്ദ്രകുമാര്‍ ഇന്നത്തെ യോഗത്തിനു ശേഷം എന്തു പറയുമെന്ന് കണ്ടറിയേണ്ടതാണ്.
യു ഡി എഫില്‍ നിന്ന് ഇനിയും മോശം സമീപനം നേരിട്ടാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നതിനെക്കുറിച്ചും അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ ഈ നീക്കത്തെ അനുകൂലിക്കാന്‍ സാധ്യത കൂടുതലാണെങ്കിലും പെട്ടെന്നുള്ള കൂടുമാറ്റത്തിന് ആര്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍, യു ഡി എഫ് നിലപാടുകളോട് എതിര്‍ത്ത് മുന്നോട്ടു പോകാനായിരിക്കും ജെ ഡി യും തുടര്‍ന്ന് തീരുമാനിക്കുക. അതിനാല്‍ ഇന്നത്തെ യു ഡി എഫ് യോഗം വീരനും സംഘത്തിനും നിര്‍ണായകമാണ്.
അതിരപ്പളളി പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ടും യുഡിഎഫ് നേതൃയോഗത്തില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ഘടകക്ഷികളുടെ വിലയിരുത്തലുകള്‍ നേതൃയോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കുമാണ് യോഗമെങ്കിലും മുന്നണിയിലെ അഭിപ്രായഭിന്നതകള്‍ യോഗത്തില്‍ പരസ്യമാകാനിടയുണ്ട്. ബാര്‍ കോഴ ഗൂഢാലോചനയില്‍ കേരള കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെയും ഉമ്മന്‍ചാണ്ടിയെയും ആവര്‍ത്തിച്ച് വിമര്‍ശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യുഡിഎഫ് നേതൃയോഗം.