ഒരു മെസേജ് അയക്കുന്നതിലൂടെ നിങ്ങളുടെ കയ്യിലെ ഐഫോൺ ഒന്നിനും കൊള്ളാത്ത രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള വൈറസ് എത്തി. അക്രമണം ഏറ്റു കഴിഞ്ഞാല്‍ തിരിച്ചൊന്നും ചെയ്യാൻ പോലും പറ്റാത്ത വിധമാണ് ആപ്പിൾ ഡിവൈസുകളിലേക്ക് പുതിയ വൈറസ് എത്തിയിരിക്കുന്നത്.
പ്രോഗ്രാമിങ് നടത്തിയ ഒരു സോഫ്റ്റ്‌വെയർ എന്നു പറയുന്നതാണ് വൈറസ് എന്നു പറയുന്നതിനേക്കാള്‍ നല്ലത്. ഈ സോഫ്റ്റ്‌വെയർ അടക്കം ചെയ്ത ഒരു ഇമേജ് ഫയല്‍ എംഎംഎസായി അയച്ച് ഐഫോണും ആപ്പിൾ വാച്ചും ഉൾപ്പെടെയുള്ള ഡിവൈസുകളുടെ നിയന്ത്രണം ഹാക്കർമാർക്ക് സ്വന്തമാക്കാം.
പ്രമുഖ നെറ്റ്‌വര്‍ക്കിങ് എക്യുപ്‌മെന്റ് കമ്പനിയായ സിസ്‌കോയുടെ സുരക്ഷാവിഭാഗമാണ് ഇത്തരമൊരു പാളിച്ച കണ്ടെത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ആപ്പിള്‍ കമ്പനി ഈ പ്രശ്നം പരിഹരിക്കുകയും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ഈ അപ്ഡേഷനിലേക്ക് ഉടനെ മാറണമെന്നും നിർദേശവും കമ്പനി വച്ചു.
ഐ മെസേജ് ഓഫാക്കിയും പ്രശ്നത്തിൽ നിന്നു രക്ഷനേടാനാകും. എം എം എസ് റിസീവ് ചെയ്യുന്നത് സെറ്റിങ്സിലൂടെ ഓഫാക്കിയും വൈറസിനെ തടയാം. ഐഫോണിൽ മാത്രമല്ല ഐപാഡിലും മാക്കിലും ആപ്പിൾ ടിവിയിലും വാച്ചിലുമെല്ലാം ഈ ‘മെസേജ് വൈറസ്’ പ്രശ്നമുണ്ടെന്നാണ് കണ്ടെത്തല്‍.
ഐഫോൺ 4എസ് മുതൽ 6എസ്/6 എസ് പ്ലസ് വരെയുള്ള മോഡലുകളിലാണ് ജൂലൈ 18 മുതൽ അപ്ഡേഷൻ ലഭ്യമാക്കിയിട്ടുള്ളത്. അതായത് ഐ ഒ എസ് 9.3.3യിലും ഒ എസ് എക്സ് ഇ ഐ ക്യാപ്റ്റണ്‍ 10.11.6ലും മാത്രമായിരിക്കും ഈ മെസേജ് വൈറസിൽ നിന്നുള്ള സുരക്ഷ ലഭ്യമാകുക.