മലമ്പുഴയില്‍ വിഎസ് തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്; ബിഡിജെഎസിന്റെ വോട്ട് യുഡിഎഫിന് മറിക്കാന്‍ വെള്ളാപ്പള്ളിയുടെ നിര്‍ദേശം, എങ്ങനെയും വിഎസിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം!

Webdunia
വെള്ളി, 22 ഏപ്രില്‍ 2016 (19:47 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകരുമെന്ന് റിപ്പോര്‍ട്ട്. സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. 55 സീറ്റുകള്‍ കിട്ടാനാണ് സാധ്യതയെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷനേതാവുമായ വിഎസ്‌ അച്യുതാനന്ദന്‍ മലമ്പുഴയില്‍ പരാജയപ്പെടാന്‍ ഇടയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നു.

ബിഡിജെഎസിന്റെ രൂപികരണസമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഏറ്റവുമധികം ആക്രമിച്ച വ്യക്തിയായിരുന്നു വിഎസ്‌ അച്യുതാനന്ദന്‍. വ്യക്തിപരമായും രാഷ്‌ട്രീയപരമായും വിഎസ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. വാക് പോരില്‍ വിഎസ് പരാജയപ്പെടുത്തിയതും മൈക്രോ ഫിനാന്‍‌സ് തട്ടിപ്പ് കേസില്‍ കുടുക്കിയതും വെള്ളാപ്പള്ളിക്ക് താങ്ങാന്‍ സാധിക്കാത്തതായിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പില്‍ വി എസിനെ മെരുക്കാന്‍ വെള്ളാപ്പള്ളിക്ക് അവസരം ലഭിച്ചത്. സ്വന്തം സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയും വിഎസ്‌ അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ്‌ പരാജയം ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശന്‍ മലമ്പുഴയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുഡിഎഫിന് വേണ്ടിയാണ് വെള്ളാപ്പള്ളി ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വന്തം സ്ഥാനാര്‍ഥിയുടെ വോട്ട് മറിച്ച് വി എസിനെ തറപ്പറ്റിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

സര്‍വസന്നാഹങ്ങളും ഉപയോഗിച്ച്‌ വി.എസിനെതിരേ നീങ്ങാനാണ്‌ വെള്ളാപ്പള്ളി തീരുമാനിച്ചിരിക്കുന്നത്‌. കഴിഞ്ഞ നിയമസഭാ കാലത്ത്‌ വിഎസ്‌ അപൂര്‍വമായിമാത്രമേ മലമ്പുഴയില്‍ എത്തിയിരുന്നുള്ളൂ. ഇത്‌ എതിരാളികള്‍ പ്രചാരണായുധമാക്കുന്നുണ്ട്‌. പരാജയസാധ്യത കാണുന്നതിനാല്‍ വി.എസിന്‌ ഇത്തവണ മണ്ഡലത്തില്‍തന്നെ ഒതുങ്ങേണ്ടിവരും. ഇത്‌ ഇടതുമുന്നണിയുടെ പ്രചാരണത്തെ ബാധിച്ചേക്കും.