മദ്യവിൽപ്പന ശാലയിൽ 14 ലക്ഷം രൂപയുടെ കവർച്ച നടന്നു. കൊല്ലം ഭരണിക്കാവ് പഴയ കോടതി ജംഗ്ഷനിലെ മദ്യവിൽപ്പനശാലയിലാണ് സംഭവം. സുരക്ഷാ ജീവനക്കാരനെ അകത്തെ മുറിയിൽ കെട്ടിയിട്ടശേഷമായിരുന്നു കവർച്ച നടന്നത്.
പൂട്ടു പൊളിച്ച് ഉള്ളിൽ കടന്ന് ക്യാഷ് ചെസ്സ് തുറന്നായിരുന്നു മോഷണം. സ്റ്റോറിന് മുകളിലുള്ള സുരക്ഷാ ജീവനക്കാരന്റെ മുറിയിൽ ശബ്ദം കേട്ട് എത്തിയ കാവൽക്കാരൻ മനക്കര ശെൽവനെ ആക്രമികൾ അകത്തെ മുറിയിൽ കെട്ടിയിട്ട് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു. ഇതിനുശേഷമാണ് ആക്രമികൾ പണം കൊള്ളയടിച്ചത്.
കുറേ നേരത്തിന് ശേഷം ഇവർ തിരികെയെത്തി, കെട്ടഴിച്ച് വീട്ട് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ കാത്തുനിന്ന മൂന്ന് പേരുടെ ഒപ്പം സ്ഥലം വിടുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ബാങ്കിൽ ജോലി ചെയ്യുകയായിരുന്ന സുരക്ഷാ ജീവനക്കാരനൊപ്പം സമീപത്തുള്ള വീട്ടുകാരെ വിളിച്ചുണർത്തിയാണ് വിവരം അറിയിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.