ട്രോളിംഗ് നിരോധനം ജൂണ്‍ ‍4 മുതല്‍ ജൂലൈ 31വരെ

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (18:45 IST)
സംസ്ഥാനത്ത് 25 വര്‍ഷം മുമ്പ് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ വര്‍ഷം ജൂണ്‍ 14 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയായിരിയ്ക്കുമെന്ന് സെക്രട്ടേറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ടാകണം. കളക്ടര്‍മാര്‍ അതത് ജില്ലകളില്‍ ഉദ്യോഗസ്ഥ-സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണം. തീരദേശ ജില്ലകളില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടകയ്‌ക്കെടുക്കുന്നതിന് അനുമതി നല്‍കും.

പരിശീലനം പൂര്‍ത്തിയാക്കിയ കടല്‍ സുരക്ഷാ സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ട് ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് ഈ വര്‍ഷം 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പേ കേരളതീരം വിട്ടുപോകുന്നതിന് നിര്‍ദ്ദേശം നല്‍കും. കൊല്ലം ജില്ലയില്‍ ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ നീണ്ടകര ഹാര്‍ബര്‍, ഇന്‍ബോര്‍ഡ് വളളങ്ങള്‍ ഒഴികെയുളള പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ജില്ലാകളക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷറീസ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, പോലീസ്, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.