കര്‍ഷകര്‍ക്ക് ആശ്വസിക്കാം: നവംബര്‍ ഒന്നുമുതല്‍ 16ഇനം കാര്‍ഷിക വിളകള്‍ക്ക് സ്ഥിരവില നിശ്ചയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ശ്രീനു എസ്

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (13:56 IST)
കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിയുണ്ടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില നിര്‍ണയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നവംബര്‍ ഒന്നിന് ഈ പദ്ധതി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
 
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങള്‍ക്കാണ് അടിസ്ഥാന വില ഉറപ്പാക്കുന്നത്. ഉല്‍പ്പാദനച്ചെലവും ഉല്‍പാദനക്ഷമതയും കണക്കിലെടുത്താണ് അടിസ്ഥാന വില തീരുമാനിക്കുക. വിപണിവില ഇതിലും കുറയുമ്പോള്‍ അടിസ്ഥാന വില കര്‍ഷകന് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ കര്‍ഷകര്‍ക്ക് വിലസ്ഥിരതയും നല്ല വരുമാനവും ഉറപ്പാക്കാന്‍ കഴിയും. വിപണിവിലയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും ഇത് സഹായിക്കും. അതിനാല്‍ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടാകും. സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഗണ്യമായി വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍