പൊതുവിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കും

ശ്രീനു എസ്

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (11:51 IST)
ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. മുഖ്യമന്ത്രി ഫേസ്ബുക്കിലാണ് ഇക്കാര്യം കുറിച്ചത്.
 
103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. കുടുംബവരുമാനവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനര്‍ഹമായവരെ തീരുമാനിക്കുന്നത്.
 
നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍