തിരുവനന്തപുരം ജില്ലയില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ കര്‍ശന പരിശോധന; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കടുത്ത നിയമ നടപടി

ശ്രീനു എസ്

ശനി, 17 ഒക്‌ടോബര്‍ 2020 (07:19 IST)
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വ്യാപാര കേന്ദ്രങ്ങടക്കമുള്ള പൊതുസ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച സെക്ടറല്‍ ഓഫീസര്‍മാരുടെ കര്‍ശന പരിശോധന ജില്ലയില്‍ തുടരുന്നു. സെക്ടറല്‍ ഓഫിസര്‍ക്കു കീഴിലുള്ള ഉദ്യോഗസ്ഥ സംഘം ഓരോ സ്ഥലങ്ങളിലും പരിശോധന നടത്തുകയും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സി.ആര്‍.പി.സി. 144 പ്രകാരം ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുതലായി ശ്രദ്ധയില്‍പ്പെട്ട നേമം, നെയ്യാറ്റിന്‍കര, കാട്ടാക്കട പാറശ്ശാല ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്നും കര്‍ശന പരിശോധന നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
 
92 സെക്ടറല്‍ ഓഫിസര്‍മാരെയാണു മജിസ്റ്റീരിയല്‍ അധികാരങ്ങളോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളക്ടര്‍ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പത്തു ഡിവിഷനുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫിസറെ വീതമാണു നിയോഗിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ രണ്ടു വാര്‍ഡുകള്‍ക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തില്‍ ഒന്ന് എന്ന നിലയ്ക്ക് 73 പഞ്ചായത്തുകളില്‍ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഒരു ദിവസം 20 കേന്ദ്രങ്ങളില്‍ വീതമാണ് ഇവര്‍ പരിശോധന നടത്തുന്നത്. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുക, ഇന്‍ഡോര്‍-ഔട്ട് ഡോര്‍ പരിപാടികളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുക, സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചവരുത്തുക, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുക തുടങ്ങിയവയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍