ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവ് ഇനി സര്‍ക്കാര്‍ വഹിക്കും

ശനി, 4 ഓഗസ്റ്റ് 2018 (08:07 IST)
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ആഗ്രഹത്തിന് ഇനി പണം പ്രശ്‌നമല്ല. അവർക്ക് ആണായോ പെണ്ണായോ ജീവിക്കുന്നതിനുള്ള ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താനുഌഅ ചെലവ് സർക്കാർ വഹിക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളും ഇതിന് മുമ്പ് സർക്കാർ ഉറപ്പുവരുത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
 
ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കാനും സർക്കാർ തീരുമാനിച്ചു. ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്താദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു.
 
ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ വഹിക്കുക. സാമൂഹ്യനീതിവകുപ്പ് മുഖേനയാണ് തുക നൽകുക. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍