മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടർന്നു തടസപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. മാറ്റിസ്ഥാപിച്ച പുതിയ പാതയിലൂടെ കൊല്ലം – ആലപ്പുഴ പാസഞ്ചർ കടന്നുപോയി. എന്നാല്‍ റെയില്‍ ഗതാഗതം സാധാരണനിലയിലാകണമെങ്കില്‍ ഇനിയും സമയമെടുത്തേക്കുമെന്ന് റയില്‍വെ അധികൃതര്‍ അറിയിച്ചു.
അറ്റകുറ്റപ്പണി നടത്തിയ പാളത്തിൽ ഏതാനും ദിവസത്തേക്കു വേഗനിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ വരുംദിവസങ്ങളിലും ട്രെയിനുകൾ വൈകാന്‍ സാധ്യതയുണ്ട്. ഇന്നലെ പത്ത് പാസഞ്ചറുകൾ ഉൾപ്പെടെ പന്ത്രണ്ട് ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു. നാലു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.