ട്രാഫിക് നിയമലംഘനം: ഫൈന്‍ പൂജ്യം എന്നെഴുതിയ ചലാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം, പണിയാണ്! കോടതി കയറേണ്ടി വരും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഫെബ്രുവരി 2024 (15:37 IST)
ഫൈന്‍ ഇല്ലാത്ത ചലാന്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ലഭിക്കാം. ചലാനുകളില്‍ ഫൈന്‍ അടക്കേണ്ടതുക പൂജ്യം (Rs 0) എന്ന് കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. അത്തരം ചലാനുകള്‍ ചെറിയ ഫൈനുകള്‍ അടച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവയല്ല. അത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ആയതിനാലും കൂടുതല്‍ കടുത്ത ശിക്ഷകള്‍ ഉള്ളവയാകയാലും കോടതി നടപടിക്രമങ്ങളിലൂടെ മാത്രമേ ശിക്ഷാവിധി സാദ്ധ്യമുള്ളു.
 
കൂടുതല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒരു കുറ്റസമ്മതം നടത്തി ഒരു ചെറിയ പിഴതുക അടച്ച് വിടുതല്‍ ചെയ്യാവുന്ന ലംഘനങ്ങളുമല്ല. 
അതിനായി കോടതികളില്‍ വിശദമായ കുറ്റവിചാരണ നടത്തി ഒരു ജഡ്ജിന് മാത്രമേ ശിക്ഷാവിധി തീരുമാനിക്കാന്‍ സാധിക്കുകയുള്ളു.
പ്രധാനമായും ട്രാഫിക് സിഗ്‌നലുകള്‍ ഉള്ള ജംഗ്ഷനുകളില്‍ നാം പതിവായി കാണുന്ന കാഴ്ചയാണ് വാഹനം നിര്‍ത്താനുള്ള ചുവപ്പ് സിഗ്‌നല്‍ ലൈറ്റ് കത്തിയതിനു ശേഷവും വാഹനം സ്റ്റോപ്പ് ലൈനും (സീബ്ര ക്രോസ്സിങ്ങിന് മുന്‍പായി വാഹനം നിര്‍ത്താന്‍ സൂചിപ്പിക്കുന്ന വരകള്‍) കടന്ന് കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കേണ്ട സീബ്ര ലൈനുകളില്‍ നിര്‍ത്തിയിടുന്നത്. ട്രാഫിക് സിഗ്‌നലുകളിലെ ഇത്തരം നിയമലംഘനങ്ങള്‍  eChallan ചെയ്യപ്പെടുന്നതാണ്. അത്തരം eChallan ലഭിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രസ്തുത RTO എന്‍ഫോഴ്സ്മെന്റിനെ ബന്ധപെടുകയോ അല്ലെങ്കില്‍ കോടതി മുഖാന്തരമുള്ള നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കുകയോ ചെയ്യുക.
 
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയോ, Lane Traffic പാലിക്കാതെ വാഹനമോടിക്കുകയോ, ട്രാഫിക് സിഗ്‌നലുകളിലും റൗണ്ട് എബൗട്ടുകളിലും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുകയോ, അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിങ് ചെയ്യുകയോ, വാഹന ഗതാഗതം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനമോടിക്കുകയോ ചെയ്താലും, സുഗമമായ വാഹന ഗതാഗതത്തെ തടസപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയോ ചെയ്താലും മേല്പറഞ്ഞ ശിക്ഷാ വിധികള്‍ തന്നെയായിരിക്കും.
അതിനാല്‍ ഫൈന്‍ തുകയില്ലാത്ത ചലാനുകള്‍ തീര്‍പ്പുകല്‍പ്പിക്കുക അത്ര ഫൈന്‍ ആയ കാര്യമല്ല എന്നോര്‍ക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article