ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന ആരോപണം നേരിടുകയും കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കുകയും ചെയ്‌ത പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ ഡിജിപി ജേക്കബ് തോമസിനെതിരായ നിലപാട് മയപ്പെടുത്തി ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്. ജേക്കബ് തോമസ് നല്‍കിയ വിശദീകരണ മറുപടിയില്‍ ശുപാര്‍ശകളൊന്നും രേഖപ്പെടുത്താതെ ഡിജിപി ചീഫ് സെക്രട്ടറി ജിജി തോംസണ് കൈമാറി. ഇതോടെ ജേക്കബ് തോമസിനെതിരായ നിലപാടില്‍ നിന്ന് ഡിജിപി തലയൂരി.
ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്തു നടത്തിയ പ്രസ്താവനകളും ഫയര്‍ ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിയെ ചോദ്യം ചെയ്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചതിനുമാണ് ജേക്കബ് തോമസിന് രണ്ടു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസിലും ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ഒളിയമ്പെയ്‌തു.
താന്‍ സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചിട്ടില്ല എന്നാണ് ഒരു കാരണം കാണിക്കല്‍ നോട്ടീസില്‍ അദ്ദേഹം മറുപടി നല്‍കിയത്. മാധ്യമങ്ങളിലൂടെ പറഞ്ഞ വാചകങ്ങള്‍ കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് രണ്ടാമത്തെ മറുപടി. ഇതേത്തുടര്‍ന്നു സ്വന്തം അഭിപ്രായം രേഖപ്പെടുത്താതെ ഡിജിപി മറുപടി മടക്കി അയ്‌ക്കുകയും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കാമെന്നുമാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളുടെയും ജനങ്ങളുടെ പിന്തുണയുള്ള ജേക്കബ് തോമസിനെതിരെ നടപടിയെടുത്താല്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന പൊതുവികാരമാണ് ആഭ്യന്തരവകുപ്പിനെ ഈ തീരുമാനത്തിലെത്തിച്ചത്.