തച്ചങ്കരി 29 വർഷമായി തന്നെ പിന്തുടർന്ന് വേട്ടയാടുന്നു: ആർ ശ്രീലേഖ

Webdunia
ശനി, 30 ജനുവരി 2016 (10:16 IST)
ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ 29 വർഷമായി തന്നെ പിന്തുടർന്ന് വേട്ടയാടുന്നുവെന്ന് ആർ ശ്രീലേഖ ഐപിഎസ്. തച്ചങ്കരിയിൽ നിന്നുള്ള മാനസിക പീഡനത്താൽ താൻ രോഗിയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിക്കേണ്ട  പ്രമോഷനും മറ്റ് സ്ഥാനമാനങ്ങളും ഇല്ലാതാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ശ്രീലേഖ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

തനിക്ക് നേരിട്ടു പങ്കാളിയല്ലാതിരുന്ന പല കേസുകളിലും തന്നെ കുരുക്കാന്‍ തച്ചങ്കരി ശ്രമിച്ചു. ശ്രീലേഖ ഐപിഎസിനെതിരെ കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിന് പിന്നില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. പരാതിക്കാരുമായി ചേർന്ന് തച്ചങ്കരിയാണ് ഗൂഢാലോടന നടത്തിയതെന്നും ശ്രീലേഖ ഐപിഎസ് ആരോപിക്കുന്നു.

1987ലെ ഐപിഎസ് ട്രയിനിംഗ് കാലഘട്ടം മുതൽ തച്ചങ്കരി തന്നെ വേട്ടയാടുകയാണ്. എന്ത് പരാതി ലഭിച്ചാലും കേസെടുക്കാൻ ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലൻസ് കോടതിയിലുള്ളതെന്ന് മനസിലാക്കിയായിരുന്നു തച്ചങ്കരിയുടെ നീക്കം. കോടതി നിർദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ രഹസ്യ റിപ്പോർട്ട് പരാതിക്കാരന് ചോർന്ന് കിട്ടിയതിനു പിന്നിലും ടോമിൻ തച്ചങ്കരിയാണെന്നും ശ്രീലേഖ ഫേസ്‌ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ആർ ശ്രീലേഖ ഐപിഎസ് ഫേസ്‌ബുക്കിൽ കുറിച്ച ആരോപണങ്ങളെ നിഷേധിച്ച് ടോമിൻ തച്ചങ്കരി രംഗത്തെത്തി. ശ്രീലേഖ ഉന്നയിച്ചത് അടിസ്ഥാനമില്ലാത്ത ബാലിശമായ ആരോപണങ്ങളാണ്. ആരോപണങ്ങളെല്ലാം തെറ്റാണ്. ശ്രീലേഖയുടെ ഈ ചട്ടലംഘനം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും. കഴി‍ഞ്ഞ 29 വർഷമായി ആര് ആരെ വേട്ടയാടുന്നുവെന്നു പൊലീസിന്റെ തലപ്പത്ത് എല്ലാവർക്കുമറിയാമെന്നും തച്ചങ്കരി പറഞ്ഞു.