ടിഒ സൂരജിനെ സിബിഐ നുണപരിശോധനയ്‌ക്ക് വിധേയനാക്കും

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (10:05 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ സിബിഐ തീരുമാനം. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ വീണ്ടും അപേക്ഷ നൽകും. പോളിഗ്രാഫും നാർക്കോ അനാലിസിസുമാണ് നടത്തുക. കേസിൽ സൂരജിനെ പ്രതി ചേർത്തേക്കുമെന്നാണ് സൂചനകൾ. 
 
ശാസ്ത്രീയ പരിശോധനയ്ക്ക് അപേക്ഷ നല്‍കേണ്ടത് അന്വേഷണ ഏജന്‍സിയാണെന്നും പരിശോധനയ്ക്കു വിധേയനാകേണ്ട ആളല്ലെന്നും മജിസ്ട്രേറ്റ് കെഎസ് അംബിക തിങ്കളാഴ്‌ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ സിബിഐ ഓഫീസിലെത്തി നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയാറാണെന്ന് സൂരജ് അറിയിച്ചത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഇക്കാര്യം എഴുതി നല്‍കി. 
 
നേരത്തെ സിബിഐ സൂരജിനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് ഇത് നിഷേധിക്കുകയായിരുന്നു. കേസില്‍ കുരുക്ക് മുറുകുകയും സൂരജിനെ വീണ്ടും സിബിഐ ചോദ്യം ചെയ്യുകയും ചെയ്തതോടെ നുണ പരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ച് സൂരജ് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്കു തയാറാണെന്നു ബോധിപ്പിച്ചു സൂരജ് സമര്‍പ്പിച്ച അപേക്ഷ സിജെഎം കോടതി തള്ളുകയായിരുന്നു. 
 
അതേസമയം അറസ്റ് ഒഴിവാക്കാനോ വൈകിക്കാനോ ഉള്ള സുരജിന്റെ ശ്രമമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കളമശേരി ഭൂമിതട്ടിപ്പു കേസില്‍ പരാതിക്കാരിയായ ഷെരീഫയുടെ പേരിലുള്ള തണ്ടപ്പേരു തിരുത്താന്‍ ജില്ലാകലക്ട്രേറ്റിലും, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.