കത്ത് വിവാദത്തില്‍ നയം വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍ ഫേസ്‌ബുക്കില്‍. തന്നെ ഉപദ്രവിച്ചു കൊതി തീരാത്തവര്‍ ഇനിയുമുണ്ട്. താന്‍ കൈപമംഗലം സീറ്റ് ഞാൻ ചോദിച്ചു വാങ്ങി എന്ന വാർത്തകൾ പലര്ക്കും സന്തോഷം നല്‍കി. ചാനല്‍ റേറ്റിംഗിനും അപ്പുറത്ത് ദൃശ്യ മാധ്യമങ്ങള്‍ ഒരു ശതമാനം എങ്കിലും മാനുഷിക പരിഗണന കൂടി കാണിക്കണമെന്നും പ്രതാപന്‍ തന്റെ ഫെസ്‌ബുക്ക് പോസ്‌റ്റിലൂടെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയാനുള്ളത് കേള്ക്കുകയായിരുന്നു ഇത് വരെ.
ഒന്നും കൂടുതൽ പറയേണ്ടെന്ന് മനസ്സില് കരുതിയതുമായിരുന്നു.
പുതു തലമുറയിലെ സാമൂഹ്യ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ ഭാവനയിൽ വിരിഞ്ഞ ട്രോളുകളെല്ലാം മികച്ച നിലവാരം പുലര്ത്തി.
എനിക്ക് വേണ്ടിയും, എനിക്കെതിരെയും എഴുതിയ എല്ലാവരോടും നന്ദിയുണ്ട്. ഫ്ലാഷ് ന്യൂസ്കളും ബ്രേക്കിംഗ് സ്ക്രോളുകളും ആയി രാപകലില്ലാതെ അധ്വാനിച്ച മാധ്യമ സുഹൃത്തുക്കളോടും.
ഈ തെരഞ്ഞെടുപ്പിൽ മാറി നിൽക്കാനെടുത്ത തീരുമാനം മാധ്യമ ശ്രദ്ധക്ക് വേണ്ടിയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ എടുത്ത ഒന്നല്ല.
ഇല്ലായ്മകളുടെ ഭൂതകാലമാണ് എന്റേത്. വളരെ സങ്കടം നിറഞ്ഞ ബാല്യവും, പഠന കാലവുമൊക്കെ പിന്നിട്ട് യാദൃശ്ചികമായായിരുന്നു കെ എസ് യു വും രാഷ്ട്രീയ ബോധവുമെല്ലാം മനസ്സ് കീഴടക്കിയത്. പ്രീഡിഗ്രിയോടെ പഠനത്തിന്റെ സ്വപ്നങ്ങൾ അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ഹൃദയത്തിലെ മുറിവിനു ഇന്നും നീറ്റലുണ്ട്. ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്നും സാധാരണക്കാരനായ ഒരു മത്സ്യ തൊഴിലാളിയുടെ മകനായി, പലരും സഹായിച്ചത്കൊണ്ട് മാത്രം പ്രീ ഡിഗ്രി വരെ പഠിക്കാൻ സാഹചര്യമുണ്ടായ, ഒരു താഴെതട്ടിലുള്ള കോൺഗ്രസ് പ്രവര്ത്തകനായ എനിക്ക്, ഞാൻ അർഹിക്കാത്ത സ്നേഹവും കരുതലും കോൺഗ്രസ് പ്രസ്ഥാനം തന്നിട്ടുണ്ട്. മൂന്നു തവണ നിയമ സഭയിലേക്ക് മത്സരിക്കാൻ അവസരം നല്കിയതുല്പ്പെടെ.
ഞാൻ മത്സരിച്ചതൊന്നും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളിൽ ആയിരുന്നില്ല. 2001 ഇൽ നാട്ടികയും 2011 ഇൽ കൊടുങ്ങല്ലൂരും ഇടതു മുന്നണിയിൽ നിന്നും പിടിച്ചെടുക്കാനും 2006 ഇൽ നാട്ടിക യു ഡി എഫിനൊപ്പം നിലനിര്താനും കഴിഞ്ഞു, ഓരോതവണയും, പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നില നിർത്തിക്കൊണ്ട്.
ഇപ്പോൾ ഞാൻ പ്രതിനിധീകരിക്കുന്ന കൊടുങ്ങല്ലൂരിന്റെ മുഖച്ഛായ മാറ്റാൻ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. കുടിവെള്ളം കിട്ടാക്കനിയായിരുന്ന ഗ്രാമങ്ങളിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കുടി വെള്ളപദ്ധതി കൊണ്ട് വന്നും, മുസിരിസ് യാധാര്ത്യമാക്കിയും, ലീഡർ കെ കരുണാകരന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കിയും കേരളത്തിലാദ്യത്തെ പൈതൃക മത്സ്യ ഗ്രാമമടക്കം എണ്ണിയാൽഒടുങ്ങാത്തത്ര വികസനത്തിന് നേതൃത്വം നല്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂര് നിയോജക മണ്ഡലത്തിൽ അഞ്ഞൂറ് കോടിയിൽപരം രൂപയുടെ വികസനത്തിന്റെയും കരുതലിന്റെയും നേട്ടങ്ങൾ സൃഷ്ടിച്ചു ഏതു യു ഡി എഫ് സ്ഥാനാര്തിക്കും വിജയിക്കാവുന്ന മണ്ഡലം ആയി മാറ്റാൻ കഴിഞ്ഞതിൽ ചാരിതാര്ത്യമുണ്ട്.
കൊടുങ്ങല്ലൂർ അടക്കം ജില്ലയിൽ മൂന്നു നിയോജക മണ്ഡലങ്ങളിൽ നിന്ന് സ്ഥാനാര്തിത്വതിനായി എന്റെ പേര് മുന്നോട്ടു വെക്കുകയും ഉണ്ടായി. എന്നിൽ വിശ്വാസം അർപ്പിച്ചവർക്ക് നന്ദി .
ഈ മണ്ഡലങ്ങളിൽ കൈപമംഗലം എനിക്ക് വൈകാരികമായി അടുപ്പമുള്ള നിയോജക മണ്ഡലമാണ്.
ഞാൻ പത്തു വര്ഷം പ്രതിനിധീകരിച്ച പഴയ നാട്ടിക നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്നു കൈപമംഗലം, എടത്തിരുത്തി പഞ്ചായത്തുകൾ. എന്റെ ജീവന്റെ ഭാഗമായ കടല്തീരത്തിന്റെ സാമീപ്യവും.. ഈ മണ്ഡലം എല് ഡി എഫിൽ നിന്നും പിടിച്ചെടുക്കാനും മണ്ഡലത്തിന്റെ വികസന മുരടിപ്പ് മാറ്റാനും, ഞാൻ മത്സരിക്കണമെന്ന് യു ഡി എഫ് - എല് ഡി എഫ് ഭേദമെന്യ പൊതു സമൂഹത്തിൽ നിന്നും അഭിപ്രായമുയർന്നിരുന്നതും അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ നടന്നിരുന്നുവെന്നതും സത്യമാണ്.
പക്ഷെ എന്റെ പാര്ടി എന്നെപ്പോലെ നിസ്സാരനായ ഒരാൾക്ക് നല്കിയ അവസരങ്ങൾ എന്നെക്കാളും ചെറുപ്പമായ, എന്നെക്കാളും കഴിവുള്ള , ചെരുപ്പക്കാര്ക്കും സ്ത്രീകള്ക്കും ലഭിക്കണമെന്ന ചിന്ത കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്നും മാറി നില്ക്കണമെന്ന് ആഗ്രഹിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി മനസ്സില് ഉയര്ന്ന ഒരു വികാരമായിരുന്നു അത്.
അതൊരിക്കലും എന്റെ വലിപ്പമോ, ആദര്ശത്തിന്റെ അസ്കിതയോ മറ്റു ആരോടെങ്കിലും ഉള്ള വെല്ലുവിളിയോ ആയിരുന്നില്ല. അങ്ങിനെ കാണുകയും അരുത്. എന്റെ പാർടിയോട് എനിക്കുള്ള കടമ മാത്രമാണ് അത് എന്ന് പറയട്ടെ. തുടര്ന്നാണ് കെ പി സി സിക്ക് മത്സര രംഗത്ത് നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കത്ത് നല്കിയതും.
പക്ഷെ നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ മാറി നില്ക്കരുതെന്നും, നിര്ബന്ധമായും മത്സര രംഗത്ത് ഉണ്ടാകണമെന്നും അതെന്റെ നിര്ദേശം ആണെന്നും സൂചിപ്പിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി എനിക്ക് സന്ദേശമയച്ചു.
ഏപ്രിൽ 1 ആം തീയതി ഉച്ചക്ക് 12 മണിക്ക് നേരിട്ട് എത്തണമെന്നും 3 മണിക്കുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തിന് മുൻപായി നേരിൽ കാണണമെന്നും രാവിലെ 9 മണിയോടെ അദ്ധേഹത്തിന്റെ ഓഫീസിൽ നിന്നും അറിയിച്ചു. ഞാനും ഡൽഹിയിൽ ഉണ്ടാകുമെന്ന് അവർ കരുതിക്കാണും.
പക്ഷെ ഞാൻ കേരളത്തിൽ ആണെന്നും, തിരുവനന്തപുരത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയാനെന്നും, 12 മണിക്ക് എത്താൻ കഴിയില്ലെന്നും, അടുത്ത വിമാനത്തിൽ 12 മണിക്ക് പുറപ്പെട്ടാൽ വൈകീട്ട് നാല് മണിക്ക് ശേഷമേ ഡൽഹിയിൽ എത്താനാകൂ എന്നും ഞാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അറിയിച്ചു.
നാലരയോടെ ഡൽഹിയിലെ കേരള ഹൌസിൽ എത്തിയപ്പോഴേക്കും 3 മണിക്ക് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പു സമിതി യോഗം കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിൽ ആരംഭിച്ചു കഴിഞ്ഞതായി അറിഞ്ഞു.
രാത്രി വൈകി യോഗം അവസാനിച്ചു.
എന്റെ പേര് കൈപ്പമംഗലം നിയോജകമണ്ടലത്തിനുനേരെ കാണിച്ച് നിരവധി ചാനലുകൾ തീരുമാനമായ മണ്ഡലങ്ങളുടെ ലിസ്റ്റുകൾ അനൌദ്യോഗികമായി പുറത്തു വിട്ടു കൊണ്ടിരുന്നു.
യോഗം കഴിഞ്ഞെത്തിയ കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനിൽ നിന്നും, തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വെച്ച് ഞാൻ കൈപമംഗലം നിയോജക മണ്ഡലത്തിൽ മത്സരിക്കണമെന്ന നിര്ദേശം രാഹുൽ ഗാന്ധി മുന്നോട്ടു വെച്ചതായി അറിയാൻ കഴിഞ്ഞു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഊര്ജസ്വലതയോടെ , ഇന്ത്യയുടെ മനസറിഞ്ഞ്, ഇന്ത്യക്കാരന്റെ ഹൃദയ വികാരങ്ങൾ അറിഞ്ഞ് രാജ്യത്ത് എവിടെയും എത്തി ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട്, ശബ്ദമില്ലാതവരുടെ ശബ്ദമായി മാറിയിരിക്കുകയാണ് ശ്രീ രാഹുൽ ഗാന്ധി. ബഹു സ്വരതകളുടെ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ധർമയുദ്ധത്തിൽ അദ്ദേഹം ആണ് കോൺഗ്രസിന്റെ തേരാളി. എന്റെ പൊതു ജീവിതത്തിൽ വി എം സുധീരനും എ കെ ആന്റണിക്കും ശേഷം എന്നെ ഇത്ര മാത്രം സ്വാധീനിച്ച നേതാവും ശ്രീ രാഹുൽ ഗാന്ധി തന്നെയാണ്.
നിസ്സാരനായ ഒരു കോൺഗ്രസ് പ്രവര്ത്തകനായ എനിക്ക് അദ്ധേഹത്തിന്റെ നിര്ദേശം അവഗണിക്കാൻ ആവില്ലെന്നും എന്റെ നിലപാട് പുനപരിശോധിക്കേണ്ടി വരുമെന്നും എന്നെ സന്ദര്ശിച്ച മാധ്യമ പ്രവര്തകരോട് ആ രാത്രി ഞാൻ സൂചിപ്പിച്ചിരുന്നു.
പിറ്റേന്നു അതി രാവിലെ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പോകും മുൻപ് രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തി കാണണമെന്ന് പ്രൈവറ്റ് സെക്രട്ടറി വിളിച്ചറിയിച്ചു.
രാവിലെ 6 മണിക്ക് തുഗ്ലക്ക് റോഡിലെ വസതിയിൽ ഏറെ ഉന്മേഷവാനായി എന്നെ സ്വീകരിച്ച പ്രിയ രാഹുൽ ഗാന്ധിയോട് മത്സരത്തിൽ നിന്നും മാറി നില്ക്കാനുള്ള തീരുമാനം എടുക്കാൻ ഇടയായ സാഹചര്യം ഞാൻ വിവരിച്ചെങ്കിലും, തോളിൽ തട്ടി നെഞ്ചോടു ചേർത്ത് "ഈ നിർണായകമായ തെരഞ്ഞെടുപ്പിൽ പ്രതാപൻ മാറി നില്ക്കുകയല്ല വേണ്ടത്, പോരാടുകയാണ് വേണ്ടത്" എന്ന് പറയുകയായിരുന്നു പ്രിയ രാഹുൽ ഗാന്ധി.
"മത്സരിച്ചേ പറ്റൂ.. ഇതെന്റെ നിർദേശമാണ്.." അദ്ദേഹം പറഞ്ഞു. എന്റെ കൂടെ ഉണ്ടായിരുന്ന കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ രഖേഷ് ശർമയ്ക്ക് അദ്ധേഹത്തിന്റെ ഫോൺ നല്കി എന്നെ ചേർത്ത് പിടിച്ചു രഖേഷിനോട് ഞങ്ങളുടെ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. കാറിൽ കയറി യാത്രയാകുമ്പോഴും ചില്ല് താഴ്ത്തി എന്നെ ഓര്മിപ്പിച്ചു.. " കൈപമംഗലം തിരിച്ചു പിടിക്കണം... ഞാനും വരും പ്രതാപന് വേണ്ടി പ്രചാരണത്തിന്... ആൾ ദി ബെസ്റ്റ്.." മിനിറ്റുകൾക്കകം എന്നോടൊപ്പം എടുത്ത ആ ചിത്രം എനിക്ക് അയച്ചു തരാനും അദ്ദേഹം മറന്നില്ല.
കോൺഗ്രസ് ഉപാധ്യക്ഷന്റെ സ്നേഹ പൂര്ണ മായ നിര്ബന്ധത്തിനു മുന്നില് തല കുനിച്ചു തിരികെ കേരള ഹൌസിൽ എത്തി കേരളത്തിലേക്ക് പോകാൻ യാത്രയാകുമ്പോൾ ആണ് എന്റെ മനസ്സില് ഏറെ ആഴത്തിൽ മുറിവേൽപ്പിച്ച ഫ്ലാഷ് ന്യൂസ്കളുടെ ക്രൂര വിനോദം ചാനലുകളിൽ ആരംഭിക്കുന്നത്.
കൈപമംഗലം സീറ്റ് ഞാൻ ചോദിച്ചു വാങ്ങി എന്ന വാർത്തകൾ പലര്ക്കും സന്തോഷം നല്കി ടി വി സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒന്ന് രണ്ടു ആത്മ സുഹൃത്തുക്കൾവിളിച്ചു തലേന്നത്തെ രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം ഉറക്കം നഷ്ടപെട്ട ചില നേതാക്കൾ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയാണിത് എന്നും, പിതൃത്വം ഇല്ലാത്ത വിവാദത്തിൽ പതറരുത് എന്നും പറഞ്ഞു.
പക്ഷെ മിനിട്ടുകൾക്കുള്ളിൽ ഡല്ഹി വിമാനത്താവളത്തിൽ ഞാൻ എത്തിയപ്പോഴേക്കും പിതൃത്വമുള്ള ഒരു പ്രസ്ഥാവനയെത്തി, ചാനലുകളിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശ്രീ ഡീൻ കുരിയ്ക്കോസ് നല്കിയ പ്രസ്താവന.
ഞാനും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഞാനിത്തവണ മാറി നില്ക്കണമെന്ന് ആഗ്രഹിച്ചതും എന്നെപ്പോലെ എന്റെ അനുജന്മാര്ക്കും, അനുജത്തിമാർക്കും വനിതകൾക്കും അവസരങ്ങൾ ലഭിക്കണം എന്ന് കരുതിയാണ്. എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ പ്രിയ അനുജൻ ഡീൻ 29 വയസ്സുകാരനായ ഒരു യുവാവിന്റെ അവസരം ഞാൻ നഷ്ടപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചപ്പോൾ എനിക്ക് വേദനിച്ചു.
പ്രത്യേകിച്ച് ഈ പറഞ്ഞ 29 കാരനായ, എനിക്ക് ഏറെ ഇഷ്ടമുള്ള, എന്റെ സ്വന്തം ശോഭ സുബിൻ എന്ന കെ എസ് യു നേതാവിനെ മത്സരിപ്പിക്കണം എന്ന് കെ പി സി സി യോട് നിർദേശിച്ചതും ഞാൻ ആയിരുന്നതിനാൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പദവിയോദ് എനിക്ക് ബഹുമാനവും, ആദരവും ഉണ്ട്. കോൺഗ്രസ് പാര്ടിയുടെ ഭാവിയും പ്രതീക്ഷയും എല്ലാം ഇന്നിന്റെ യുവത്വത്തിലാണ്.
ഒരു യൂത്ത് കോൺഗ്രസ് പ്രവര്തകന്റെ പോലും അവസരം നഷ്ടപെടുത്തി, ഒരു യൂത്ത് കോൺഗ്രസ് പ്രവര്തകനെ പോലും വേദനിപ്പിച്ച്, മത്സരിക്കരുത് എന്ന് എന്റെ മനസ്സ് എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചുകൊണ്ടിരുന്നു.
പുറപ്പെടാൻ തയ്യാറായി നില്ക്കുന്ന കൊച്ചിയിലേക്ക് ഉള്ള ഇൻഡിഗോ വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി ഞാൻ എന്റെ തീരുമാനം ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരനെയും മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഉപാധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധിയുടെ ഓഫീസിനെയും വിളിച്ചറിയിച്ചു.
തിരികെ നാട്ടിൽ എത്തിയപ്പോഴേക്കും അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ മുകുൾ വാസ്നിക് എനിക്കെതിരായ വിവാദങ്ങളെ തിരസ്കരിച്ചും, മാധ്യമ പ്രചരണങ്ങളിൽ കോൺഗ്രസ് ഹൈ കമ്മാണ്ടിന്റെ അതൃപ്തിയും അറിയിച്ച് മാധ്യമങ്ങളെ കണ്ടതായി അറിഞ്ഞു. ഒറ്റപ്പെട്ടു പോയ എനിക്ക് പിന്തുണ നല്കിയതിനു ദേശീയ നേതൃത്വത്തിനോട് നന്ദിയുണ്ട്.
രാത്രി പല തവണ വീണ്ടും രാഹുൽ ഗാന്ധിയും മുകുൾ വാസ്നിക്കും നേരിട്ട് വിളിച്ചു വൈകാരികമായി സംസാരിച്ചു. എന്തിന് മാറി നില്ക്കണമെന്ന് ചോദിച്ചു. പക്ഷെ, എന്നിൽ ജീവൻ ബാക്കിയുണ്ടെങ്കിൽ ഞാൻ ഇനി എന്റെ തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് എന്നോടുള്ള സ്നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് ഞാൻ അവരെ അറിയിച്ചു.
തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് വിട്ടു തന്നു കൊണ്ട് രാഹുൽജി ഫോൺ വെച്ചു.
ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നത് അത് കൊണ്ട് തന്നെ എന്റെ ഉറച്ച തീരുമാനമാണ്.
എന്നെ ഉപദ്രവിച്ചു കൊതി തീരാത്തവർ ഇനിയും ഉണ്ടെന്നറിയാം.
ഇപ്പോഴും കൈപമംഗലം നിയോജക മണ്ഡലത്തിന്റെ സ്ഥാനാര്തിത്വം ചര്ച്ചയാകുമ്പോൾ ഞാൻ മത്സരിക്കും എന്ന രീതിയിൽ വാര്ത്ത നല്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. TAM രെറ്റിങ്ങ്നും അപ്പുറത്ത് ദ്രിശ്യ മാധ്യമങ്ങൾ ഒരു ശതമാനം എങ്കിലും മാനുഷിക പരിഗണന കൂടി കാണിക്കണം.
ഇനിയും എന്റെ സ്ഥാനാര്തിത്വതിനായി ദയവു ചെയ്ത് പ്രകടനങ്ങളും പ്രസ്താവനകളും നടത്താതെ സ്ഥാനാർഥി ആരെന്നു നോക്കാതെ യു ഡി എഫിന്റെ അന്തിമ വിജയത്തിനായി അർത്ഥപൂര്ണമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് കൈപമംഗലം നിയോജക മണ്ഡലത്തിലെ എന്നെ സ്നേഹിക്കുന്ന കോണ്ഗ്രസ് പ്രവർത്തകരോട് ഒരു ശാസനയോടെ ആവശ്യപ്പെടട്ടെ.
കോൺഗ്രസ് പാർട്ടിയും യു ഡി എഫും ഏതു സ്ഥാനാർഥിയെ നിർത്തിയാലും ആ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ടി മുഴുവൻ സമയ പ്രവർത്തകനായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കൈപമംഗലം എന്നല്ല, സംസ്ഥാനത്ത് എല്ലായിടത്തും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ഞാനുണ്ടാകും. പാർടിക്ക് വേണ്ടി മത്സരിക്കുന്നതോടൊപ്പം മത്സരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കെണ്ടതും ഒരു പ്രവർത്തകന്റെ കടമയാണ്.
നാല്പതു വയസ്സിൽ താഴെയുള്ള 23 സ്ഥാനാർഥികളും 8 വനിതകളും അടക്കമുള്ള കോൺഗ്രെസ്സിന്റെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും തിളക്കമുള്ള സ്ഥാനാര്തികളുടെ ഒരു വലിയ, മികവുറ്റ നേതൃ നിര തുടർ ഭരണത്തിന് അവസരം തേടി ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നില് വോട്ട് ചോദിച്ചു അണിനിരക്കുകയാണ്.
എല്ലാവർക്കും വിജയാശംസകൾ നേരുന്നു.
ആർക്കും ഒരു സംശയവും വേണ്ടാ.,
സംസ്ഥാനത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് ഐക്യ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തും.