പരീക്ഷയ്ക്കു കോപ്പിയടിച്ച തൃശൂർ ഐജി പിടിയില്‍

Webdunia
തിങ്കള്‍, 4 മെയ് 2015 (15:24 IST)
കേരളാ പൊലീസിന് മാനക്കേടുണ്ടാക്കി തൃശൂര്‍ ഐജി ടി ജെ ജോസിനെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു പിടികൂടി. എൽഎൽഎം പരീക്ഷയ്ക്കു തുണ്ടു കടലാസ് വച്ചു പകർത്തിയെഴുതിയതിനാണ് ജോസിനെ പിടികൂടിയത്. കളമശേരി സെന്റ് പോൾസ് കോളേജിലായിരുന്നു സംഭവം. പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്വിജലേറ്ററാണ് കോപ്പിയടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് ഇദ്ദേഹത്തെ പിടികൂടിയത്. കോപ്പിയടി പിടികൂടിയതിനേ തുടര്‍ന്ന് ഇദ്ദേഹത്തെ  പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിട്ടുണ്ട്.
 
ഐജി ആണെന്ന് അറിയാതെയാണ് ഇയാളെ ഇൻവിജിലേറ്റർ പിടികൂടിയത് എന്നാണു റിപ്പോർട്ട്. എന്നാൽ, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഐജി ടി ജെ ജോസ് പ്രതികരിച്ചത്. എന്നാല്‍ കോളേജ് അധികൃധര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഐജിയുടെ പക്കല്‍ നിന്ന് പരീക്ഷയ്ക്കായി കോപ്പിയടിക്കാന്‍ കൊണ്ടുവന്ന ഗൈഡിന്റെ ഭാഗങ്ങളും കണ്ടെത്തിയതായും ഇവര്‍ പറയുന്നു. ഐജിക്കെതിരെ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. 
 
ഐജിയെ ഡി ബാര്‍ ചെയ്യാനുള്ള ശുപാര്‍ശ കോളേജ് അധികൃതര്‍ സര്‍വ്വകലാശാലയ്ക്ക് നല്‍കുമെന്നാണ് സൂചന. കോപ്പിയടിക്ക് പിടിക്കപ്പെടുന്ന ഏതൊരു സാധാരണ പരീക്ഷാര്‍ഥിയേയും പരിഗണിക്കുന്നതുപോലെ ഐജി ടി ജെ ജോസിനെയും കണക്കാക്കി നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം ഇത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന നിലപാടിലാണ് ഐജി ടി ജെ ജോസ് . തന്നെ കോപ്പിയടിച്ചതിനു പിടിച്ചിട്ടില്ലെന്നും നാളെ നടക്കുന്ന പരീക്ഷയിലും പങ്കെടുക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം പിടികൂടിയത് തൃശൂര്‍ റേഞ്ച് ഐജിയെ തന്നെയാണെന്ന് ഡി ജി പി, കെ എസ് ബാലസുബ്രഹ്മണ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഐജിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.