തൃശൂരില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിച്ച് യുവതി മുങ്ങി

രേണുക വേണു
വെള്ളി, 26 ജൂലൈ 2024 (11:06 IST)
Thrissur Scam case

തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിച്ച് ജീവനക്കാരിയായ യുവതി മുങ്ങി. തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍ തട്ടിപ്പ് നടന്നത്. കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങിയത്. 18 വര്‍ഷമായി യുവതി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. 
 
വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് യുവതി സ്ഥാപനത്തില്‍ നിന്നും കോടികള്‍ കൈക്കലാക്കിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് കണ്ടെത്തല്‍. 
 
കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് 80 ലക്ഷം രൂപ പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാകും എന്ന് മനസിലാക്കിയതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി രക്ഷപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും സ്ഥലങ്ങളും വാങ്ങിയെന്നും ആരോപണമുണ്ട്. 
 
സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന സംശയം പൊലീസിനുണ്ട്. വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധനകാര്യ സ്ഥാപനത്തില്‍ നിന്നു നഷ്ടപ്പെട്ടത് 19.94 കോടിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article