Fact Check: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ആരോപണ വിധേയനായ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റിയത് തൃശൂര്‍ എംപി സുരേഷ് ഗോപിയാണെന്ന് വ്യാജ പ്രചരണം. ചില ഫെയ്‌സ്ബുക്ക് പേജുകളിലും സംഘപരിവാര്‍, ബിജെപി അനുകൂല പ്രൊഫൈലുകളിലുമാണ് ഇത്തരത്തില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ സിറ്റി പൊലീസ് കമ്മിഷണറെ മാറ്റിയതില്‍ സുരേഷ് ഗോപിക്ക് യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം.
സംസ്ഥാന പൊതുഭരണ വകുപ്പാണ് സിറ്റി പൊലീസ് കമ്മിഷണറെ നീക്കാന്‍ ഉത്തരവിറക്കിയത്. അങ്കിത് അശോകനെ മാറ്റാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സാധിച്ചിരുന്നില്ല. പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് സുരേഷ് ഗോപി എംപിയായ ശേഷം ചെയ്ത കാര്യമെന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ജൂണ്‍ 10 നാണ് അങ്കിത് അശോകനെ സ്ഥലം മാറ്റിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ആര്‍.ഇളങ്കോയ്ക്കാണ് സിറ്റി പൊലീസ് കമ്മിഷണറുടെ പുതിയ ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതു കൊണ്ടാണ് അങ്കിതിനെ മാറ്റുന്നില്‍ കാലതാമസം വന്നത്. അങ്കിതിന് പുതിയ ചുമതല നല്‍കിയിട്ടില്ല.