Vizhinjam Port: ഇനി കേരളം കുതിക്കും, ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം തുറമുഖം, നാല് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം

അഭിറാം മനോഹർ

ബുധന്‍, 12 ജൂണ്‍ 2024 (20:42 IST)
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു. ഓണസമ്മാനമായി തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ (വിസില്‍) ഡോ ദിവ്യ എസ് അയ്യരും അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ വ്യാവസായിക അടിസ്ഥാനത്തിലും തുറമുഖം പ്രവര്‍ത്തനം തുടങ്ങും.
 
 തുറമുഖത്തിന്റെ ഡ്രെജിംഗ് പ്രവര്‍ത്തനങ്ങള്‍ 98 ശതമാനവും ബ്രേക്ക് വാട്ടര്‍ നിര്‍മാണം 92 ശതമാനവും കണ്ടെയ്‌നര്‍ യാര്‍ഡിന്റെ നിര്‍മാണം 74 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളും ടഗ്ഗുകളും മറ്റ് ഉപകരണങ്ങളും തുറമുഖത്തെത്തി. കെട്ടിടങ്ങളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. നേരത്തെ 2045ല്‍ മാത്രം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്നു ഈ ഘട്ടങ്ങള്‍ 2028നുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി.
 
 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപമെങ്കിലും സംസ്ഥാനത്തെത്തുമെന്ന് വിസില്‍ എംഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കപ്പലുകള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങളില്‍ നിന്നുള്ള വരുമാനവും നികുതി വഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും രാജ്യത്തിന്റെ പുരോഗതിയെ വലിയ തോതില്‍ സഹായിക്കും. ഇത് കൂടാതെ തുറമുഖവുമായി ബന്ധപ്പെട്ട് മറ്റ് വ്യവസായങ്ങളിലും ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഉയരും. ഹോസ്പിറ്റാലിറ്റി,ലോജിസ്റ്റിക്‌സ് മേഖലകളിലാകും കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍