വെടിക്കെട്ട് ഉള്‍പ്പെടെയുള്ള എല്ലാ ആചാരങ്ങളോടെയും തൃശൂര്‍ പൂരം നടക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (11:37 IST)
നിലനില്‍ക്കുന്ന എല്ലാവിധ ആചാരങ്ങളോടെ ഇത്തവണയും തൃശൂര്‍പൂരം നടക്കുമെന്ന് സര്‍ക്കാര്‍. അതിനായി എല്ലാതരത്തിലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സര്‍ക്കാര്‍ തീരുമാനമായി.      
 
കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിനും എഴുന്നള്ളിപ്പിനും അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറുടെ മേല്‍ ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ഈ നടപടികള്‍ വ്യക്തമാക്കുന്നതെന്നും ഈ സാഹചര്യത്തില്‍ തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്നും ഫെസ്റ്റിവെല്‍ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു 
 
ബിജെപിയും കോണ്‍ഗ്രസും ഈ ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍‌വലിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷം പുറ്റിങ്ങലില്‍ നടന്ന വെടിക്കെട്ടപകടത്തെ തുടര്‍ന്നാണ് രാത്രിയില്‍ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്തുന്നത് ഹൈക്കോടതി നിരോധിച്ചത്.    
 
പകല്‍ സമയത്ത് 140 ഡെസിബലിനുള്ളിലുള്ള ശബ്ദത്തോടെ വെടിക്കെട്ട് നടത്താമെന്നും വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു വരെ ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് നടത്താന്‍ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ സമയങ്ങളില്‍ ആകാശത്ത് വര്‍ണങ്ങള്‍ വിതറുന്ന തരത്തിലുള്ള പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചിരുന്നു. 
Next Article